ന്യൂഡല്‍ഹി:  ഇസ്രായേല്‍ താരത്തെ നേരിടുന്നത് ഒഴിവാക്കാന്‍ ടോക്യോ ഒളിമ്പിക്‌സില്‍നിന്ന് പിന്മാറിയ ജൂഡോ താരത്തിനും പരിശീലകനും 10 വര്‍ഷം വിലക്ക്. അള്‍ജീരിയന്‍ താരം ഫേതി നൗറിനേയും പരിശീലകന്‍ അമര്‍ ബെനിക് ലെഫിനേയുമാണ് രാജ്യാന്തര ജൂഡോ ഫെഡറേഷന്‍ വിലക്കിയത്. മൂന്നു തവണ ആഫ്രിക്കന്‍ ചാമ്പ്യനായിട്ടുള്ള താരമാണ് ഫേതി നൗറിന്‍. 

ഇസ്രായേല്‍ താരം തോഹാര്‍ ബത്ബുല്ലിനെ നേരിടുന്നത് ഒഴിവാക്കാനാണ് ഫേതി പിന്മാറിയത്. സുഡാന്റെ മുഹമ്മദ് അബ്ദുല്‍ റസൂലുമായിട്ടായിരുന്നു ഫേതിയുടെ ആദ്യ റൗണ്ട് മത്സരം. എന്നാല്‍ ഈ മത്സരം വിജയിച്ചാല്‍ രണ്ടാം റൗണ്ടില്‍ തോഹാര്‍ ബത്ബുല്ലിനാകും ഫേതിയുടെ എതിരാളി. ഇതോടെയാണ് 73 കിലോഗ്രാം വിഭാഗത്തില്‍നിന്ന് ഫേതി പിന്മാറിയത്. 

മത്സരത്തിന് നാല് ദിവസം മുമ്പാണ് ഫേതി പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ആ തീരുമാനത്തില്‍ അഭിമാനിക്കുന്നുവെന്നും തന്റെ കുടുംബാംഗങ്ങളോടും അള്‍ജീരിയന്‍ ജനതയോടുമുള്ള ആദരവിന്റെ ഭാഗമാണ് തീരുമാനമെന്നും ഫേതി വ്യക്തമാക്കിയിരുന്നു. 

ഇതോടെ ഫേതിയുടേയും പരിശീലകന്റേയും അംഗീകാരം റദ്ദാക്കിയ അള്‍ജീരിയന്‍ ഒളിമ്പിക് കമ്മിറ്റി, ഇരുവരേയും നാട്ടിലേക്ക് തിരിച്ചയച്ചു. ഒളിമ്പിക് ചട്ടങ്ങളുടെ ലംഘനമാണ് ഫേതി നടത്തിയതെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും കണ്ടെത്തിയിരുന്നു.

Content Highlights: Algerian judoka Fethi Nourine gets 10 year ban for withdrawing from Tokyo Olympics to avoid Israeli