അലക്‌സ് ബെനയും ഫെഡറിക്കോ വാൽവെർദെയും | Photo: twitter.com
മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്-വിയ്യാറയല്‍ മത്സരശേഷം റയല്‍ താരം ഫെഡറിക്കോ വാല്‍വെര്‍ദെ മുഖത്തടിച്ച സംഭവത്തില്‍ പ്രതികരണവുമായി വിയ്യാറയല്‍ താരം അലക്‌സ് ബെന. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
റയലിന്റെ മൈതാനത്ത് നേടിയ വിജയത്തില്‍ സന്തോഷം രേഖപ്പെടുത്തിയ താരം വാല്‍വെര്‍ദെയുടെ കുഞ്ഞിനെ കുറിച്ച് താന്‍ മോശമായി സംസാരിച്ചതാണ് താരത്തെ പ്രകോപിപ്പിച്ചതെന്ന വാര്‍ത്തകള്‍ തള്ളുകയും ചെയ്തു. ഇത്തരം വാര്‍ത്തകള്‍ തന്നെ അദ്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ എട്ടിന് റയലിന്റെ മൈതാനത്ത് നടന്ന മത്സരശേഷമാണ് അലക്‌സ് ബെനയുടെ മുഖത്ത് വാല്‍വെര്‍ദെ അടിച്ചത്. മത്സരത്തില്‍ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് റയല്‍ പരാജയപ്പെട്ടിരുന്നു. മത്സര ശേഷം ടീം ബസുകള്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് കാത്തുനിന്നാണ് വാല്‍വെര്‍ദെ, ബെനയുടെ മുഖത്തടിച്ചതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്തിടെ ജനിച്ച തന്റെ മകനെ കുറിച്ച് മോശമായി സംസാരിച്ചതിനാണ് വാല്‍വെര്‍ദെ, ബെനയെ മര്‍ദിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇരു ടീമുകളും തമ്മില്‍ ജനുവരിയില്‍ നടന്ന കോപ്പ ഡെല്‍ റേ മത്സരത്തിനിടെ ബെന, വാല്‍വെര്‍ദെയുടെ കുട്ടിക്കെതിരേ പറഞ്ഞ കാര്യമാണ് പ്രകോപനത്തിന്റെ തുടക്കമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാല്‍വെര്‍ദെയും ഭാര്യ മിന ബോണിനോ ഗര്‍ഭിണിയായിരിക്കുന്ന സമയമായിരുന്നു അത്. അന്ന് നടന്ന മത്സരത്തിനിടെ 'നീ കരയുമെന്നും, നിന്റെ കുഞ്ഞ് ജനിക്കാന്‍ പോകുന്നില്ലെ'ന്നും ബെന, വാല്‍വെര്‍ദെയോട് പറഞ്ഞുവെന്നാണ് സ്പാനിഷ് മാധ്യമമായ മാഴ്‌സ റിപ്പോര്‍ട്ട് ചെയ്യുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടയിലും ബെന കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിച്ചതോടെ വാല്‍വെര്‍ദെ പ്രതികരിക്കുകയായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വാര്‍ത്തകള്‍ വന്ന ശേഷമാണ് താന്‍ വാല്‍വെര്‍ദെയുടെ കുഞ്ഞിനെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്ന് പറഞ്ഞ് ബെന രംഗത്ത് വന്നിരിക്കുന്നത്.
Content Highlights: Alex Baena denies mocking Valverde over the loss of his child
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..