ക്രൈസ്റ്റ്‌ ചര്‍ച്ച്: ന്യൂസീലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പരാജയമായ ചേതേശ്വര്‍ പൂജാരയ്ക്ക് പിന്തുണയുമായി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ. പൂജാരയടക്കമുള്ള അമിത പ്രതിരോധത്തെ നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് തിരുത്തിയാണ് രഹാനേയുടെ പ്രതികരണം. ഓരോരുത്തരുടേയും ശൈലി വ്യത്യസ്തമാണെന്നും ബാറ്റിങ്ങിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പൂജാര മുന്നോട്ടുപോകാനാകാതെ കുരുങ്ങിപ്പോയതായി തോന്നിയിട്ടില്ലെന്നും രഹാനെ വ്യക്തമാക്കി. 

'വെല്ലിങ്ടണില്‍ ന്യൂസീലന്‍ഡ് ബൗളര്‍മാര്‍ നന്നായി പന്തെറിഞ്ഞെന്നാണ് ഞാന്‍ കരുതുന്നത്. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞപ്പോള്‍ ആംഗിളുകള്‍ മാറ്റി. അവരുടെ പദ്ധതി പൂര്‍ണമായും വ്യക്തമായിരുന്നു. അതു അവര്‍ കൃത്യമായി നടപ്പിലാക്കി. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ നിങ്ങള്‍ ഒരു ഷോട്ട് തീരുമാനിച്ചാല്‍ അതു കളിച്ചിരിക്കണം. സംശയിച്ചു നില്‍ക്കാന്‍ പാടില്ല. വെല്ലിങ്ടണില്‍ സംഭവിച്ചത് നമ്മള്‍ മറക്കേണ്ടിയിരിക്കുന്നു.' രഹാനെ വ്യക്തമാക്കി.

'ഏതെങ്കിലും ഘട്ടത്തില്‍ പൂജാര കുരുങ്ങിപ്പോയതായി എനിക്ക് തോന്നിയിട്ടില്ല. റണ്‍സ് കണ്ടെത്താന്‍ തന്നെയാണ് അദ്ദേഹം ശ്രമിച്ചത്. എതിര്‍ ടീമിലെ ബൗളര്‍മാര്‍ ഒരു മോശം പന്തുപോലും എറിഞ്ഞില്ല എന്നതാണ് വാസ്തവം. ഓരോ ബാറ്റ്‌സ്മാന്റേയും ശൈലി വ്യത്യസ്തമാണ്. മധ്യനിരയില്‍ എങ്ങനെയാണ് കളിക്കേണ്ടതെന്ന് ടീം ഒരുമിച്ച് തീരുമാനിക്കണം.' രഹാനെ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ബാറ്റ്‌സ്മാന്‍മാരുടെ അമിത പ്രതിരോധത്തെ കോലി വിമര്‍ശിച്ചിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ അമിതമായി പ്രതിരോധത്തിലൂന്നി കളിക്കുന്നത് വിദേശ പര്യടനങ്ങളില്‍ ഒട്ടും ഗുണം ചെയ്യില്ലെന്ന് കോലി പറഞ്ഞിരുന്നു. ആരേയും പേരെടുത്തു പറഞ്ഞില്ലെങ്കിലും പൂജാര, ഹനുമ വിഹാരി തുടങ്ങിയ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാന്‍മാരെ ഉദ്ദേശിച്ചായിരുന്നു ഈ പ്രതികരണം. കിവീസിനെതിരേ രണ്ടാം ഇന്നിങ്‌സില്‍ 81 പന്ത് നേരിട്ട പൂജാര 11 റണ്‍സ് മാത്രമാണ് നേടിയത്. വിഹാരി 79 പന്തില്‍ നേടിയത് 15 റണ്‍സും.

Content Highlights: Ajinkya Rahane defends Cheteshwar Pujara India vs New Zealand