Photo: ANI, PTI
മുംബൈ: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിലെ മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തി ചരിത്രമെഴുതിയ താരമാണ് ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍.
റെക്കോഡിട്ട ഈ പ്രകടനത്തിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് മുന്‍താരങ്ങളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. ഇക്കൂട്ടത്തില്‍ മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗുമുണ്ടായിരുന്നു. സെവാഗിന്റെ അഭിനന്ദന ട്വീറ്റിന് അജാസ് നല്കിയ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
'ഒരു ഇന്നിങ്സില്‍ 10 വിക്കറ്റുകള്‍, ഈ കളിയില്‍ സ്വന്തമാക്കാന്‍ നന്നേ ബുദ്ധിമുട്ടുള്ള ഒന്നാണത്. നിങ്ങളുടെ ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍ ഒരു ദിവസം. മുംബൈയില്‍ ജനിച്ച അജാസ് മുംബൈയില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ചരിത്ര നേട്ടത്തിന് അഭിനന്ദനങ്ങള്‍.' എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്.
ഇതിന് അജാസിന്റെ മറുപടി രസകരമായിരുന്നു. ഒരിക്കല്‍ സെവാഗ് തന്റെ പന്ത് ഗ്രൗണ്ടിന് പുറത്തേക്ക് പറത്തിയത് ഇന്നും മറന്നിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
'നന്ദി വീരേന്ദര്‍ സെവാഗ്. ഞാന്‍ നെറ്റ് ബൗളറായി എത്തിയപ്പോള്‍ ഈഡന് പാര്‍ക്കിലെ ഔട്ടര്‍ ഓവലില്‍ വെച്ച് നിങ്ങളെന്നെ ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ചുപറത്തിയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. - അജാസ് കുറിച്ചു.
ഇരുവരും ഈ സംഭവം നടന്ന വര്‍ഷം ഏതെന്ന് പറഞ്ഞിട്ടില്ലെങ്കിലും അത് 2008-2009 കാലഘട്ടത്തിലാകാമെന്നാണ് വിലയിരുത്തല്‍. അക്കാലത്ത് ഇന്ത്യ, ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയിരുന്നു. കിവീസിനെതിരേ ടെസ്റ്റ് പരമ്പരയും (1-0) ഏകദിന പരമ്പരയും (3-1) ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.
Content Highlights: ajaz patel recalls funny story in epic reply to virender sehwag s tweet
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..