
രാഹുൽ ദ്രാവിഡ് | Photo: BCCI
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നിയുക്ത പരിശീലകന് രാഹുല്‍ ദ്രാവിഡിന് ബിസിസിഐ എല്ലാ പിന്തുണയും ഉറപ്പാക്കണമെന്ന് മുന്‍താരം അജയ് ജഡേജ. ഇന്ത്യന്‍ ടീമിനെ എങ്ങനെ പരിശീലിപ്പിക്കണമെന്ന് ദ്രാവിഡിനെ പഠിപ്പിക്കാന്‍ ശ്രമിക്കരുതെന്നും അച്ചടക്കത്തിന്റേയും ആത്മസമര്‍പ്പണത്തിന്റേയും ഉത്തമ മാതൃകയാണ് ദ്രാവിഡെന്നും ജഡേജ ചൂണ്ടിക്കാട്ടി. ട്വന്റി-20 ലോകകപ്പിന് പിന്നാലെ സ്ഥാനമൊഴിയുന്ന രവി ശാസ്ത്രിക്ക് പകരക്കാരനായി കഴിഞ്ഞ ദിവസമാണ് ദ്രാവിഡിനെ പരിശീലകനായി ബിസിസിഐ പ്രഖ്യാപിച്ചത്.
'ഒരു പരിശീലകനില്‍ നിന്ന് താരങ്ങള്‍ പഠിച്ചെടുക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. അതില്‍ അച്ചടക്കവും സമര്‍പ്പണബോധവുമാണ് പ്രധാനപ്പെട്ടത്. വിരാട് കോലി സ്ഥാനമൊഴിഞ്ഞ സ്ഥിതിക്ക് അടുത്ത ട്വന്റി-20 ക്യാപ്റ്റനെ ദ്രാവിഡാണോ തിരഞ്ഞെടുക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുന്നു. ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണം.
അദ്ദേഹത്തിന്റെ ഇഷ്ടത്തിന് ടീമിനെ വിട്ടുകൊടുക്കണം. ദ്രാവിഡിനെപ്പോലൊരു വ്യക്തി ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഇഷ്ടത്തിന് അനുസരിച്ച് ടീമിനെ ഒരുക്കാന്‍ അനുവദിക്കുക. എങ്ങനെയാണ് ടീമിനെ പരിശീലിപ്പിക്കേണ്ടതെന്ന് ദ്രാവിഡിനെ പഠിപ്പിക്കാന്‍ പോകരുത്.' ജഡേജ വ്യക്തമാക്കുന്നു.
Content Highlights: Ajay Jadeja's request to BCCI after new India coach announcement
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..