ലിമ: പെറുവില്‍ വെച്ച് നടക്കുന്ന ഐ.എസ്.എസ്.എഫ് ലോക ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഐശ്വരി പ്രതാപ് സിങ് തോമറിന് ലോകറെക്കോഡോടെ സ്വര്‍ണം. ആണ്‍കുട്ടികളുടെ 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷന്‍ മത്സരത്തിലാണ് താരം സ്വര്‍ണം നേടിയത്. 

യോഗ്യതാ മത്സരത്തില്‍ 1185 പോയന്റ് നേടി ലോകറെക്കോഡിനൊപ്പമെത്തിയ തോമര്‍ ഫൈനലില്‍ 463.4 പോയന്റുകള്‍ കൂടി നേടി ചരിത്രത്തില്‍ ഇടം നേടി. വെള്ളി നേടിയ ഫ്രാന്‍സിന്റെ ലുക്കാസ് ക്രൈസിനേക്കാളും ഏഴ് പോയന്റ് അധികം പോയന്റ് നേടിയാണ് തോമര്‍ ഒന്നാമതെത്തിയത്. 

ഈയിനത്തില്‍ അമേരിക്കയുടെ ഗാവിന്‍ ബാര്‍നിക് വെങ്കലം നേടി. മറ്റ് ഇന്ത്യന്‍ താരങ്ങളായ സന്‍സാര്‍ ഹവേലിയ 11-ാം സ്ഥാനത്തും പങ്കജ് മുഖേജ 15-ാമതും മത്സരം അവസാനിപ്പിച്ചു. 

തോമറിന്റെ പ്രകടനത്തോടെ ഇന്ത്യ ലോകഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ എട്ടാം സ്വര്‍ണം സ്വന്തമാക്കി. ആകെ 17 മെഡലുകള്‍ നേടിക്കൊണ്ട് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്താണ്. 12 മെഡലുകളുമായി അമേരിക്കയാണ് രണ്ടാമത്. 32 രാജ്യങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കുന്നത്. 

Content Highlights: India's Aishwary Pratap Singh Tomar smashes junior world record to win gold at shooting World Championships