ന്യൂഡല്‍ഹി: പരിശീലനത്തിനുവേണ്ടിയുള്ള യാത്രയ്ക്കിടെ തന്നെ അപമാനിച്ചുവെന്ന ഇന്ത്യയുടെ യുവ ഷൂട്ടിങ് താരം മനു ഭക്കറുടെ പരാതി നിഷേധിച്ച് എയര്‍ ഇന്ത്യ അധികൃതര്‍. മനു ഭക്കറോട് നിയമാനുസൃതമുള്ള രേഖകള്‍ മാത്രമാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിച്ചു.

പരിശീലനത്തിനായി അമ്മയ്‌ക്കൊപ്പം ഭോപ്പാലിലേയ്ക്ക് പോകുംവഴിയാണ് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടതായി മനു ഭക്കര്‍ ആരോപിച്ചത്. ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍ നിന്ന് പതിനായിരം രൂപ ആവശ്യപ്പെട്ടുവെന്നും തന്റെ ഫോണ്‍ തട്ടിപ്പറിച്ചുവെന്നും ട്വിറ്ററിലൂടെ മനു ഭക്കര്‍ ആരോപിച്ചിരുന്നു. പിന്നീട് താരത്തിന്റെ പരാതി ശ്രദ്ധയില്‍ പെട്ട കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ഇടപെട്ടാണ യാത്ര പുനരാരംഭിക്കാനായത്.

എന്നാല്‍, ഇപ്പോള്‍ താരം പറഞ്ഞ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ മനു ഭക്കറിനോട് നിയമാനുസൃതം ആവശ്യമായ രേഖകള്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ആയുധങ്ങള്‍ കൊണ്ടുപോകുമ്പോള്‍ അടയ്‌ക്കേണ്ട ഫീസ് ഒഴിവാക്കാന്‍ ആവശ്യമായ രേഖകളാണ് താരത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, ഇത് അവരുടെ കൈവശം ഇല്ലായിരുന്നു. അവര്‍ ഹാജരാക്കിയ രേഖകള്‍ നിയമസാധുത ഉള്ളതായിരുന്നില്ല. അതുകൊണ്ടാണ് അതിനുള്ള ഫീസായ പതിനായിരം രൂപ അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. അതുപോലെ ഈ വിഷയുമായി ബന്ധപ്പെട്ട് ഒരിക്കല്‍പോലും മനോജ് ഗുപ്ത എന്ന ഉദ്യോഗസ്ഥന്‍ താരവുമായി ബന്ധപ്പെട്ടിട്ടില്ല. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് ഇത് വ്യക്തമാണ്. ജീവനക്കാര്‍ മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചുവെന്ന ആരോപണവും വാസ്‌വതവിരുദ്ധമാണെന്ന് സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്- എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു.

Content Highlights: Air India, shooter Manu Bhaker, Kiren Rijiju