ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രിയെ ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്ത് ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ. നിലവിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഛേത്രി. ക്രിസ്റ്റിയാനൊ റൊണാൾഡോയും ലയണൽ മെസ്സിയുമാണ് ഛേത്രിക്ക് മുന്നിലുള്ളത്.

2022 ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഛേത്രി മെസ്സിയെ മറികടന്നിരുന്നു. എന്നാൽ കോപ്പ അമേരിക്കയിലെ ഗോളുകളിലൂടെ മെസ്സി വീണ്ടും രണ്ടാം സ്ഥാനത്തെത്തി. 74 ഗോളുകളാണ് സുനിൽ ഛേത്രി ഇന്ത്യൻ ജഴ്സിയിൽ നേടിയത്. ഇന്ത്യൻ വനിതാ താരം ബാലാദേവിയുടെ പേര് അർജുന പുരസ്കാരത്തിനായും ഓൾ ഇന്ത്യാ ഫുട്ബോൾ ഫെഡറേഷൻ ശുപാർശ ചെയ്തിട്ടുണ്ട്.

ഹോക്കിയിൽ നിന്ന് പിആർ ശ്രീജേഷും ക്രിക്കറ്റിൽ നിന്ന് ആർ അശ്വിനും മിതാലി രാജുമാണ് ഖേൽരത്നക്കായി സുനിൽ ഛേത്രിക്കൊപ്പം ഇടംപിടിച്ച മറ്റു താരങ്ങൾ. മലയാളി ഗോൾകീപ്പറായ പിആർ ശ്രീജേഷിനെ ഹോക്കി ഇന്ത്യയും അശ്വിനേയും മിതാലിയേയും ബിസിസിഐയുമാണ് ശുപാർശ ചെയ്തത്.

Content Highlights: AIFF to recommend Sunil Chhetris name for Rajiv Gandhi Khel Ratna Award