കെ. ഋതിക
കണ്ണൂർ: കളിക്കളത്തിൽ ചേച്ചിമാരുടെ വേഗമേറിയ പന്തിനുമുന്നിൽ പതറാതെ ശിഖർ ധവാന്റെ ആരാധികയുണ്ടാവും. കളിമിടുക്കിലൂടെ അണ്ടർ 15 കണ്ണൂർ ജില്ലാ ക്രിക്കറ്റ് ടീമിൽ ഇടംനേടിയ ആറുവയസ്സുകാരി ഋതിക. അണ്ടർ 15 ടീമിൽ 10 വയസ്സും അതിനുമുകളിലുമുള്ള കുട്ടികളുമാണ് കൂടുതൽ. അവർക്കിടയിലേക്കാണ് ബാറ്റുമായി കുഞ്ഞു ഋതികയെത്തിയത്. കണ്ണൂർ ജില്ലാടീമിനുവേണ്ടി ഈ രണ്ടാംക്ലാസുകാരി ബാറ്റുപിടിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസത്തോളമായി.
ചേട്ടൻ ഋതു ക്രിക്കറ്റ് കളിക്കുന്നതുകണ്ട് ഒപ്പംകൂടിയതാണ് ഋതിക. അഞ്ചാംവയസ്സിൽ കണ്ണൂരിലെ ഗോ ഗെറ്റേർസ് ക്രിക്കറ്റ് അക്കാദമിയിൽ ചേർന്ന് പരിശീലനം തുടങ്ങി.
മയ്യിൽ ടൗണിലെ റിഥം വീട്ടിലെ കെ. രതീഷിന്റെയും ബബിത ബാബു പാറായിയുടെയും മകളാണ് കെ. ഋതിക. മകൾക്ക് അനുഭവപരിചയത്തിനായാണ് തലശ്ശേരിയിൽനടന്ന ടീം സെലക്ഷനിൽ പങ്കെടുപ്പിക്കാൻ രക്ഷിതാക്കൾ തീരുമാനിച്ചത്. എന്നാൽ, മികച്ച പ്രകടനവും ക്രിക്കറ്റിനോടുള്ള താത്പര്യവും കണ്ട് പരിശീലനക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പിന്നീട് ക്യാമ്പിൽനിന്ന് തിരഞ്ഞെടുത്ത ടീം അംഗങ്ങളിൽ ഋതികയുമുണ്ടായിരുന്നു.
സ്റ്റിച്ച് ബോളുമായി മുതിർന്ന കുട്ടികൾക്കൊപ്പം കളിക്കുമ്പോൾ പരിക്കേൽക്കുമോയെന്ന് ആദ്യമൊക്കെ പേടിയുണ്ടായിരുന്നു രക്ഷിതാക്കൾക്ക്. ഹെൽമെറ്റും സുരക്ഷാപാഡുകളുമെല്ലാം വാങ്ങി. അവൾക്കായി മൂന്ന് സൈസിലുള്ള കുഞ്ഞു ബാറ്റും തിരഞ്ഞെടുത്തു. മറ്റുകുട്ടികൾ വലിയ ബാറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നാൽ, ബാറ്റുമായി അവൾ ആദ്യം മൈതാനത്തിറങ്ങിയതോടെ രക്ഷിതാക്കളുടെ ആശങ്കയെല്ലാം പന്തിനൊപ്പം പറപറന്നു. ജില്ലാ ടീം ചാമ്പ്യന്മാരായ കണ്ണൂർ ടീമിലംഗമായി.
‘‘ആദ്യമൊക്കെ ചേച്ചിമാരുടെ കൂടെ കളിക്കാൻ പേടിയുണ്ടായിരുന്നു. പിന്നെ അതുമാറി. ബൗൾ ചെയ്യാനാണ് കൂടുതൽ ഇഷ്ടം. വലുതാവുമ്പോൾ വലിയ ക്രിക്കറ്റ് കളിക്കാരിയാവണം.’’ -ഇതാണ് ഋതികയുടെ വലിയ തീരുമാനം. ശിഖർ ധവാന്റെ കട്ട ഫാൻ ആയ ഋതിക കുറച്ചുകാലം അദ്ദേഹത്തെപ്പോലെ മുടി പറ്റെ വെട്ടിയായിരുന്നു നടപ്പ്. സ്കൂൾ ഇല്ലാത്ത ശനി, ഞായർ ദിവസങ്ങളിലാണ് പരിശീലനം.
അക്കാദമിയിലെ പരിശീലകരായ വൈശാഖ് ബാലൻ, നിസബ്, അതുൽ എന്നിവർ നൽകുന്ന പിന്തുണയും വലുതാണ്.
Content Highlights: age of six, Ritika won a place in the Kannur district under-15 cricket team
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..