മൊണാക്കോ: ഒളിമ്പിക്‌സ് നീന്തലില്‍ അഞ്ച് സ്വര്‍ണം നേടിയ മിസി ഫ്രാങ്ക്‌ളിന്‍ ഇപ്പോള്‍ ആശ്വാസം കണ്ടെത്തുന്നത് ഹിന്ദു മതത്തില്‍. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നീന്തലില്‍ നിന്ന് വിരമിച്ച മിസി ഇപ്പോള്‍ രാമായണവും മഹാഭാരതവും പഠിക്കുന്ന തിരക്കിലാണ്. 

23-ാം വയസ്സില്‍ മിസി വിരമിച്ചത് കായികലോകത്തെ ഞെട്ടിച്ചിരുന്നു. കടുത്ത പുറംവേദനയായിരുന്നു അമേരിക്കന്‍ താരത്തിന്റെ വിരമിക്കലിന് പിന്നില്‍. നേരത്തെ യോഗയുടെ പ്രാധാന്യം മനസ്സിലാക്കാതെ അത് ചെയ്തിരുന്നുവെന്നും ഇപ്പോള്‍ യോഗ ചെയ്യുന്നത് ആത്മീയാനുഭവമാണെന്നും മിസി പറയുന്നു. ഒരു വര്‍ഷത്തോളമായി ഹിന്ദു മതത്തെ കുറിച്ച് പഠിക്കുകയാണ്. അത് എന്റെ കണ്ണ് തുറപ്പിച്ചു. വ്യത്യസ്ത സംസ്‌കാരത്തേയും ജനങ്ങളേയും മനസ്സിലാക്കുന്നത് നല്ല അനുഭവമാണ്. മിസി പറയുന്നു.

നേരത്തെ മിസിയുടെ ചുമലിന് രണ്ട് തവണ ശസ്ത്രക്രിയ നടത്തിയിരുന്നു. പക്ഷേ എന്നിട്ടും വേദന വിട്ടൊഴിഞ്ഞില്ല. അതോടെ നീന്തല്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ ഓട്ടവും സൈക്കളോടിക്കലുമാണ് പുതിയ വ്യായാമം. ഒപ്പം മിസി യോഗയും ചെയ്യുന്നു. 

ഇനി ഇന്ത്യയിലെത്തുക എന്നതാണ് മിസിയുടെ ആഗ്രഹം. വൈകാതെ തന്നെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തുമെന്നും ഒളിമ്പിക് താരം പറയുന്നു. ഒളിമ്പിക്‌സില്‍ അഞ്ചു സ്വര്‍ണവും ഒരു വെങ്കലവുമാണ് മിസിയുടെ അക്കൗണ്ടിലുള്ളത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെങ്കലവും റിയോ ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണവുമാണ് മിസി നേടിയത്. 

Content Highlights: After shock retirement at 23 Missy Franklin finds peace in Hinduism