കാബൂൾ: കാറപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന അഫ്ഗാനിസ്താന്റെ മുൻനിര ബാറ്റ്സ്മാൻ നജീബ് തറകായ് മരിച്ചു. ഒക്ടോബർ രണ്ടിന് നടന്ന കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നജീബ് നൻഗൻഹറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് അഫ്ഗാനിസ്താൻ ക്രിക്കറ്റ് ബോർഡ് മരണം സ്ഥിരീകരിച്ചത്.

അഫ്ഗാനിസ്താനിലെ ക്രിക്കറ്റ് ടൂർണമെന്റായ ഷപഗീസ പ്രീമിയർ ലീഗിലാണ് നജീബ് അവസാനമായി കളിച്ചത്. കഴിഞ്ഞ മാസം നടന്ന മത്സരത്തിൽ മിസ് അയ്നക് നൈറ്റ്സിനായി കളത്തിലിറങ്ങിയ താരം 32 റൺസ് നേടി.

അഫ്ഗാനിസ്താനായി 12 ട്വന്റി-20യും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്. 2014-ൽ ബംഗ്ലാദേശിൽ നടന്ന ട്വന്റി-20 ലോകകപ്പിലായിരുന്നു നജീബിന്റെ അരങ്ങേറ്റം. അതിനുശേഷം യു.എ.ഇ, അയർലന്റ്, സിംബാബ്വെ, ബംഗ്ലാദേശ്, ഹോങ്കോങ് ടീമുകൾക്കെതിരേ കളിച്ചു.

2017 മാർച്ചിൽ അയർലന്റിനെതിരേ ട്വന്റി-20യിൽ നേടിയ 90 റൺസാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവുയർന്ന സ്കോർ. 2019 സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരേയാണ് അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 2017-ൽ അയർലന്റിനെതിരേ കരിയറിലെ ഏക ഏകദിന മത്സരവും കളിച്ചു.

24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 47.20 ശരാശരിയിൽ 2030 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ആറു സെഞ്ചുറിയും പത്ത് അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. കരിയറിലെ ഏറ്റവുമയർന്ന സ്കോറായ 200 റൺസും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലാണ് നേടിയത്.

Content Highlights: Afghanistan batsman Najeeb Tarakai dies after road accident