ബെംഗളൂരു: റാക്കറ്റേന്തി ഇന്ത്യയ്ക്കായി വിജയങ്ങള്‍ കൊയ്ത ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിന് ഇനി പുതിയ റോള്‍. ഇന്ത്യയുടെ ഹിന്ദുസ്ഥാന്‍ എയറൊനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്.എ.എല്‍) തദ്ദേശീയമായി നിര്‍മിച്ച ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റായ തേജസിന്റെ സഹപൈലറ്റായി പറക്കാനൊരുങ്ങുകയാണ് സിന്ധു. 

23-കാരിയായ സിന്ധു പോര്‍വിമാനം പറപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയെന്ന നേട്ടവും സ്വന്തമാക്കാനൊരുങ്ങുകയാണ്. രണ്ടു സീറ്റുകളുള്ളതാണ് ഈ പോര്‍വിമാനം. ബെംഗളൂരുവില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ വ്യോമപ്രദര്‍ശനത്തിലാണ് സിന്ധു പോര്‍വിമാനം പറപ്പിക്കുക. വ്യോമപ്രദര്‍ശനത്തിന്റെ ഭാഗമായി വനിതകള്‍ക്ക് ആദരമര്‍പ്പിച്ച് ശനിയാഴ്ച വനിതദിനമായി ആചരിക്കുകയാണ്. ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തിലാണ് പ്രദര്‍ശനം. 

ഈ ആഴ്ചയാണ് അന്തിമ പരിശോധനകള്‍ക്കു ശേഷം ക്ലിയറന്‍സ് ലഭിച്ച് വിമാനങ്ങള്‍ പ്രദര്‍ശനത്തിനെത്തിയത്. ക്ലിയറന്‍സ് ലഭിച്ച് വ്യോമ സേനയുടെ ഭാഗമായതിന് പിന്നാലെ തേജസ് പറപ്പിക്കുന്ന ആദ്യ വനിതയെന്ന നേട്ടവും ഇതോടെ സിന്ധുവിന് സ്വന്തമാകും. 

തേജസിന്റെ ട്രെയിനര്‍ വിമാനങ്ങളായ പ്രോട്ടോടൈപ്പ് വെഹിക്കിള്‍സ് (പിവി) 5, പിവി 6 എന്നിവയിലൊന്നിലാകും സിന്ധു സഹപൈലറ്റിന്റെ വേഷമണിയുക. കഴിഞ്ഞ ദിവസം കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് തേജസില്‍ പറന്നിരുന്നു.

Content Highlights: aero india 2019 badminton star pv sindhu to fly in tejas bengaluru air show