Photo By ATHIT PERAWONGMETHA| REUTERS
ന്യൂഡല്‍ഹി: കൊലക്കേസില്‍പ്പെട്ട സുശീല്‍ കുമാറിനെതിരേ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതോടെ ഇന്ത്യന്‍ ഗുസ്തിലോകം ഞെട്ടലില്‍. ഒളിമ്പിക്സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടിയ ഏക ഇന്ത്യന്‍ താരമാണ് സുശീല്‍. 2008 ബെയ്ജിങ് ഒളിമ്പിക്സില്‍ സുശീല്‍ വെങ്കലം നേടുമ്പോള്‍ ഗുസ്തിയില്‍ 56 വര്‍ഷത്തിനുശേഷം ഇന്ത്യയ്ക്ക് ലഭിച്ച മെഡലാണത്. അതിനുശേഷമാണ് ഇന്ത്യന്‍ ഗുസ്തി കരുത്താര്‍ജിച്ചത്.
''സുശീലിനെതിരായ കേസ് ഇന്ത്യന്‍ ഗുസ്തിയുടെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കി എന്നത് വസ്തുതയാണ്. അത്ലറ്റുകള് ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങളെന്തു ചെയ്യാനാണ്.'' - റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമര്‍ ചോദിക്കുന്നു. ഗുസ്തിയില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ ഒളിമ്പിക് ക്വാട്ട (എട്ട്) കിട്ടിയ അവസരത്തിലാണ് ഈ ദുരന്തം.
മേയ് നാലിന് ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തില്‍ നടന്ന ഏറ്റുമുട്ടലിലാണ് 23-കാരനായ സാഗര്‍ റാണ എന്ന ഗുസ്തി താരം കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് സുശീല്‍ ഉണ്ടായിരുന്നെന്നും അദ്ദേഹത്തിന് കൊലയില്‍ പങ്കുണ്ടെന്നും പോലീസ് പറയുന്നു. അന്നുമുതല്‍ താരം ഒളിവിലാണ്.
സുശീല്‍, യോഗേശ്വര്‍ ദത്ത്, ബജ്രംഗ് പുനിയ, രവി ദഹിയ, ദീപക് പുനിയ തുടങ്ങിയ താരങ്ങളെ വളര്‍ത്തിയ ഛത്രസാല്‍ സ്റ്റേഡിയവും ഇപ്പോള്‍ കരിനിഴലിലാണ്. സുശീലിന്റെ കോച്ചും ഭാര്യാപിതാവുമായ സത്പാല്‍ സിങ്ങായിരുന്നു സ്റ്റേഡിയത്തിന്റെ ചുമതലക്കാരന്. 1982 ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ സത്പാല്‍ 2016-ല്‍ ചുമതലയൊഴിഞ്ഞു. പിന്നീട് സുശീലിന്റെ നിയന്ത്രണത്തിലായി. അദ്ദേഹം പ്രതിയായതോടെ യോഗേശ്വര്‍ ദത്തും ബജ്രംഗും ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ സ്റ്റേഡിയത്തിലെ പരിശീലനം നിര്‍ത്തി.
സുശീല്‍ മുമ്പും വിവാദങ്ങളില്‍പെട്ടിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്സിന് ഫെഡറേഷന് തിരഞ്ഞെടുത്തത് നര്‍സിങ് പഞ്ചം യാദവിനെയാണ്. നിര്സിങ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. തന്റെ ഭക്ഷണത്തില്‍ നിരോധിത മരുന്ന് ചേര്‍ത്തത് സുശീലാണെന്ന് യാദവ് അന്ന് ആരോപിച്ചിരുന്നു. എന്നാലത് തെളിയിക്കാനായില്ല. 2018-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാമത്സരത്തില്‍ പ്രവീണ്‍ റാണയെ സുശീല്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, മത്സരം സുശീല്‍ തടസ്സപ്പെടുത്തിയെന്നും ഒഫീഷ്യല്‍സിനെ ഭീഷണിപ്പെടുത്തിയെന്നും റാണ ആരോപിച്ചു.
Content Highlights: Accusations against Sushil Kumar has tarnished Indian wrestling image says WFI
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..