ധാക്ക: ഏഷ്യന്‍ അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിഷേക് വര്‍മയ്ക്ക് വെള്ളി. പുരുഷന്മാരുടെ വ്യക്തിഗത മത്സരത്തിലാണ് താരം രണ്ടാമതെത്തിയത്. ഫൈനലില്‍ ദക്ഷിണ കൊറിയയുടെ കിം ജോങ്കോ അഭിഷേകിനെ കീഴടക്കി. 

വാശിയേറിയ പോരാട്ടത്തില്‍ നേരിയ വ്യത്യാസത്തിനാണ് ഇന്ത്യന്‍ താരത്തിന് സ്വര്‍ണം നഷ്ടമായത്. സ്‌കോര്‍: 149-148. അഭിഷേക് ചാമ്പ്യന്‍ഷിപ്പില്‍ നേടുന്ന രണ്ടാം മെഡലാണിത്. 

നേരത്തേ പുരുഷ ഡബിള്‍സ് മത്സരത്തില്‍ താരം വെങ്കലമെഡല്‍ നേടിയിരുന്നു. ഇന്ത്യയ്ക്ക് നേട്ടങ്ങളുടെ ദിനമായിരുന്നു വ്യാഴാഴ്ച്ച. മൂന്ന് മെഡലുകളാണ് ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും നേടിയത്. 

ജ്യോതി സുരേഖ വെണ്ണം വനിതാവിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ ജ്യോതി-ഋഷഭ് യാദവ് സഖ്യം മിക്‌സഡ് ടീം ഇനത്തില്‍ വെള്ളി നേടി. 

അഭിഷേകിന്റെ നേട്ടത്തോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണകൊറിയയാണ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: Abhishek Verma finishes with silver in  Asian Archery Championship