ബുദാപെസ്റ്റ്: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെസ് ഗ്രാൻഡ് മാസ്റ്ററായി ഇന്ത്യൻ വംശജനായ അഭിമന്യു മിശ്ര. ഹംഗറിയിലെ ബുദാപെസ്റ്റിൽ നടന്ന ചെസ് ടൂർണമെന്റിലാണ് 12 വയസ്സുകാരന്റെ നേട്ടം. 15-കാരനായ ഗ്രാൻഡ് മാസ്റ്റർ ലിയോൺ ലൂക്ക് മെൻഡോൺക്കെയെയാണ് അഭിമന്യു പരാജയപ്പെടുത്തിയത്. ന്യൂജേഴ്സിയിൽ നിന്നുള്ള അഭിമന്യുവിന്റെ പ്രായം 12 വയസ്സും നാല് മാസവും 25 ദിവസവുമാണ്.

19 വർഷമായി ഈ റെക്കോഡ് സെർജി കർജാകിൻസിന്റെ പേരിലായിരുന്നു. 2002 ഓഗസ്റ്റ് 12-നായിരുന്നു സെർജി കർജാകിൻ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻഡ് മാസ്റ്റർ എന്ന റെക്കോഡ് സ്വന്തമാക്കിയത്. അന്ന് 12 വയസ്സും ഏഴു മാസവുമായിരുന്നു സെർജിയുടെ പ്രായം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ബുദാപെസ്റ്റിൽ വിവിധ ടൂർണമെന്റുകളിൽ അഭിമന്യു പങ്കെടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ വെസെർകെപ്സോ ടൂർണമെന്റിലും മെയ് മാസത്തിൽ ഫസ്റ്റ് സാറ്റർഡേ ടൂർണമെന്റിലും വിജയിച്ച താരം ബുദാപെസ്റ്റിൽ തന്റെ മൂന്നാം ഗ്രാൻഡ്മാസ്റ്റർ നോം സ്വന്തമാക്കുകയായിരുന്നു.

Content Highlights: Abhimanyu Mishra becomes youngest grandmaster in chess history