Photo: twitter.com/SalinThomas1
പാരീസ്: ഗോള്‍ഡന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ ചരിത്രം കുറിച്ച് മലയാളിയായ അഭിലാഷ് ടോമി. ഗോള്‍ഡന്‍ ഗ്ലോബ് പൂര്‍ത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരന്‍ എന്ന റെക്കോഡാണ് അഭിലാഷ് സ്വന്തമാക്കിയത്. ഇന്ത്യന്‍ സമയം രാവിലെ പത്തരയോടെയാണ് അഭിലാഷ് ടോമി മത്സരം പൂര്‍ത്തീകരിച്ചത്. രണ്ടാമതായാണ് താരം മത്സരം പൂര്‍ത്തീകരിച്ചത്.
അഭിലാഷിന്റെ ബയാനത് എന്ന വഞ്ചി ഫ്രഞ്ച് തീരത്തെത്തിയതോടെ പുതിയ റെക്കോഡ് പിറന്നു. പ്രതികൂലമായ സാഹചര്യത്തിലും മനോധൈര്യം കൈവിടാതെ പൊരുതിയ അഭിലാഷ് 236 ദിവസവും 14 മണിക്കൂറും 46 മിനിറ്റുമെടുത്താണ് മത്സരം പൂര്‍ത്തീകരിച്ചത്. 2022 സെപ്റ്റംബറിലാണ് അഭിലാഷ് യാത്ര ആരംഭിച്ചത്.
ഫ്രാന്‍സിലെ ലെ സാബ്‌ലെ ഡെലോണ്‍ തുറമുഖത്തുനിന്ന് ആരംഭിച്ച യാത്ര 48000 കിലോമീറ്റര്‍ സഞ്ചരിച്ചാണ് അഭിലാഷ് പൂര്‍ത്തീകരിച്ചത്. 2018-ല്‍ അഭിലാഷ് ഒരു യാത്ര നടത്തിയിരുന്നെങ്കിലും പൂര്‍ത്തീകരിക്കാനായിരുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ കടല്‍ക്ഷോഭത്തില്‍ താരത്തിന്റെ ബോട്ട് തകര്‍ന്നു. പിന്നീട് മിന്‍പിടിക്കാനെത്തിയ ഒരു കപ്പലാണ് അഭിലാഷിനെ രക്ഷിച്ചത്.
ഗോള്‍ഡന്‍ ഗ്ലോബില്‍ ദക്ഷിണാഫ്രിക്കയുടെ വനിതാതാരം കേസ്റ്റണ്‍ നോയ്‌ഷെയ്ഫര്‍ ഒന്നാമതെത്തി. താരം വ്യാഴാഴ്ച തന്നെ മത്സരം പൂര്‍ത്തീകരിച്ചിരുന്നു.
1968-ലാണ് ഗോള്‍ഡന്‍ ഗ്ലോബ് മത്സരം ആദ്യമായി നടന്നത്. ഒരിടത്തും നിര്‍ത്താതെ പായ്‌വഞ്ചിയില്‍ കടലിലൂടെ ഒറ്റയ്ക്ക് ലോകം ചുറ്റിവരുന്ന മത്സരമാണിത്. അതിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് 2018-ല്‍ ഗോള്‍ഡന്‍ ഗ്ലോബ് വീണ്ടും ആരംഭിച്ചത്. അതിന്റെ രണ്ടാം പതിപ്പിലാണ് അഭിലാഷ് ടോമി ചരിത്രം കുറിച്ചത്. 16 നാവികരുമായാണ് മത്സരം തുടങ്ങിയത്. 13 പേര്‍ മത്സരത്തില്‍ നിന്ന് പിന്മാറി. മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രിയയുടെ മൈക്കല്‍ ഗുഗന്‍ബെര്‍ഗ്ഗ് ലക്ഷ്യത്തില്‍ നിന്ന് 1500 നോട്ടിക്കല്‍ മൈലിനും അപ്പുറത്താണ്.
അഭിലാഷിന്റെ മുഖ്യപ്രായോജകരായ ബയാനത്ത് ഗ്രൂപ്പും അഭിലാഷിന്റെ സഹോദരന്‍ അനീഷ് ടോമിയും താരത്തെ സ്വീകരിക്കാന്‍ ഫ്രാന്‍സിലെത്തിയിരുന്നു. 1979-ല്‍ കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയില്‍ ജനിച്ച അഭിലാഷ് ഗോവ നാവിക അക്കാദമിയിലെ പഠനത്തിനു ശേഷം 2000 ജൂലായില്‍ നാവികസേനയില്‍ ഓഫീസര്‍ റാങ്കില്‍ നിയമനം. നേവല്‍ ഏവിയേഷന്‍ വിഭാഗത്തില്‍ പൈലറ്റായി. 1300 മണിക്കൂര്‍ പറക്കല്‍ പരിചയം. നാവികസേനയുടെ കീഴില്‍ സെയ്ലിങ് പരിശീലനം നേടിയ ശേഷം വിവിധ പായ് വഞ്ചി യാത്രകളില്‍ പങ്കാളിയായി. ഒരിടത്തും നിര്‍ത്താതെ ലോകം ചുറ്റിവരിക എന്ന ദൗത്യത്തിന് നാവികസേന നിയോഗിച്ചു. 151 ദിവസം കൊണ്ട് പൂര്‍ത്തിയാക്കിയ ആ യാത്രയിലൂടെ ഒറ്റയ്ക്കും ഒരിടത്തും നിര്‍ത്താതെ പായ്കപ്പലില്‍ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡിന് ഉടമയായി.
Content Highlights: abhilash tomy creates record by completing golden globe race
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..