അഭിലാഷ് ടോമി
കൊല്ലം: ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ സമുദ്രസഞ്ചാരികളുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലിയിലെ കേപ്ഹോണ്‍ താണ്ടി അഭിലാഷ് ടോമി രണ്ടാംസ്ഥാനത്ത് മുന്നേറുന്നു. ഈ മത്സരത്തില്‍ കേപ്ഹോണ്‍ ചുറ്റുന്ന ആദ്യവനിതയായി മത്സരത്തില്‍ ഒന്നാംസ്ഥാനത്തുള്ള ക്രിസ്റ്റന്‍ ന്യൂഷഫറും ചരിത്രത്തിലേക്ക്.
അറ്റ്ലാന്റിക്-ശാന്ത സമുദ്രങ്ങളുടെ സംഗമഭൂമിയായ കേപ്ഹോണിലെ കഠിനമായ കാലാവസ്ഥയോടും തിരമാലകളോടും പൊരുതി, കേടുപാടുപറ്റിയ ബോട്ട് സ്വന്തമായി അറ്റകുറ്റപ്പണി നടത്തിയാണ് അഭിലാഷ് മുന്നേറുന്നത്.
നേരത്തേ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന സൈമണ്‍ കര്‍വന്‍ ബോട്ടിന്റെ പായ്മരം ഒടിഞ്ഞതിനെത്തുടര്‍ന്ന് ചിലിയില്‍ അറ്റകുറ്റപ്പണിക്കായി ഇറങ്ങി. അതുകൊണ്ട് ഒന്നാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കക്കാരിയായ ക്രിസ്റ്റനും രണ്ടാംസ്ഥാനത്ത് അഭിലാഷ് ടോമിയുമാണിപ്പോള്‍.
യാത്രയുടെ 168-ാം ദിവസമായിരുന്നു തിങ്കളാഴ്ച. യാത്ര തുടങ്ങിയപ്പോള്‍ 16 പേരുണ്ടായിരുന്നു. ഇപ്പോള്‍ അവശേഷിക്കുന്നത് നാലുപേരാണ്. മൂന്നാംസ്ഥാനത്ത് മൈക്കള്‍ ഗുഗന്‍ബര്‍ഗര്‍, നാലാംസ്ഥാനത്ത് ഇയാന്‍ ഹെര്‍ബര്‍ട്ട് ജോണ്‍സ് എന്നിവരാണുള്ളത്.
ആകെ 28,000 നോട്ടിക്കല്‍ മൈല്‍ പിന്നിടാനുള്ള യാത്രയില്‍, അഭിലാഷിന് ലക്ഷ്യസ്ഥാനത്തെത്താന്‍ 6890 നോട്ടിക്കല്‍ മൈല്‍കൂടി സഞ്ചരിക്കണം. യാത്ര പുറപ്പെട്ട ഫ്രാന്‍സിലെ ലസ്സാബ്ള്‍ സോലേണ്‍ തുറമുഖത്താണ് എത്തേണ്ടതെന്ന് കോഴിക്കോട് ജെല്ലിഫിഷ് വാട്ടര്‍സ്‌പോര്‍ട്‌സ് ഉടമയും അഭിലാഷിന്റെ ഇന്ത്യയില്‍നിന്നുള്ള ഏക സഹ പ്രായോജകനുമായ കൗഷിക്ക് പറഞ്ഞു.
ഒന്നാംസ്ഥാനത്തുള്ള ക്രിസ്റ്റന്‍ 416 നോട്ടിക്കല്‍ മൈല്‍ മുന്നിലാണ് സഞ്ചരിക്കുന്നത്. സെപ്റ്റംബര്‍ നാലിന് ആരംഭിച്ച യാത്ര ഒരിടത്തും നിര്‍ത്താതെ, ആരുടെയും സഹായമില്ലാതെ, നൂതനയന്ത്രങ്ങളൊന്നും ഉപയോഗിക്കാതെ, ഉലകം ചുറ്റുകയെന്നതാണ്.
ഈ മത്സരം തുടങ്ങിയ 1968-ല്‍ എങ്ങനെയാണോ നാവികര്‍ ലോകം ചുറ്റിയത് അതേ അവസ്ഥയില്‍. വടക്കുനോക്കിയന്ത്രം, മാപ്പ് എന്നിവയുടെ സഹായത്തോടെയാണ് യാത്ര. ഒരു നാവികന്‍, ഒരു ബോട്ട്, ലോക മഹാസമുദ്രങ്ങള്‍ മുഖാമുഖം എന്ന ഈ യാത്ര ഏതൊരു സാഹസിക നാവികന്റെയും സ്വപ്നമാണ്.
ഏപ്രിലിലാണ് യാത്ര അവസാനിക്കുക. അബുദാബിയിലെ ബയനാത്ത് ഗ്രൂപ്പാണ് അഭിലാഷ് ടോമിയുടെ മുഖ്യപ്രായോജകര്‍.
Content Highlights: abhilash tomy creates history in golden globe race
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..