ancy sojan
റാഞ്ചി: ഇരുപത്തിയാറാമത് ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന്റെ സമാപന ദിനം മലയാളി താരങ്ങള്‍ക്ക് രണ്ട് സ്വര്‍ണവും നാല് വെള്ളിയും മൂന്ന് വെങ്കലവും. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ അബ്ദുള്ള അബൂബക്കറും വനിതകളുടെ ലോംഗ് ജമ്പില്‍ ആന്‍സി സോജനുമാണ് സ്വര്‍ണം നേടിയത്. ഇരുവരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനുള്ള യോഗ്യതയോടെയാണ് സ്വര്‍ണം നേടിയത്. കാര്‍ത്തിക് ഉണ്ണികൃഷ്ണനും (പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പ്) ആര്‍. ആരതിയും (വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്) മുഹമ്മദ് അഫ്‌സലും (പുരുഷന്മാരുടെ 800 മീറ്റര്‍), ഏഞ്ചല്‍ പി. ദേവസ്യയും (വനിതകളുടെ ഹൈജമ്പ്) വെള്ളിയും നയന ജെയിംസ് (വനിതാ ലോംഗ്ജമ്പ്), എം.പി. ജാബിര്‍ (പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്), അനു രാഘവന്‍ (വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവര്‍ വെങ്കലവും നേടി.
അബ്ദുള്ള അബൂബക്കര്‍ 16.76 മീറ്റര്‍ ചാടിയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയോടെ സ്വര്‍ണം നേടിയത്. അഞ്ചാമത്തെ ശ്രമത്തില്‍ 16.44 മീറ്റര്‍ താണ്ടിയാണ് കാര്‍ത്തിക് ഉണ്ണികൃഷ്ണന്‍ വെള്ളി നേടിയത്.
തന്റെ കരിയറിലെ മികച്ച ദൂരമായ 6.56 മീറ്റര്‍ താണ്ടിയാണ് ആന്‍സി സോജന്‍ സ്വര്‍ണവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയും സ്വന്തമാക്കിയത്. നയന ജെയിംസിന് 6.30 മീറ്റര്‍ ചാടി വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആന്ധ്ര താരം കാര്‍ത്തികയ്ക്കാണ് വെള്ളി.
വനിതകളുടെ ഹൈജമ്പില്‍ 1.76 മീറ്റര്‍ ചാടിയാണ് ഏഞ്ചല്‍ പി. ദേവസ്യ വെള്ളി നേടിയത്.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 58.29 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ആര്‍. ആരതി വെള്ളി നേടിയത്. മൂന്നാം സ്ഥാനത്തെത്തിയ അനു രാഘവന്‍ 59.32 സെക്കന്‍ഡിലും ഫിനിഷ് ചെയ്തു.
പുരുഷന്മാരുടെ 800 മീറ്ററില്‍ 1:47.66 മിനിറ്റില്‍ ചെയ്ത് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയോടെയാണ് മുഹമ്മദ് അഫ്‌സല്‍ സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ 49.99 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് എം.പി. ജാബിര്‍ വെങ്കലം നേടിയത്. എന്നാല്‍, ജാബിറിന് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനായില്ല.
പുരുഷന്മാരുടെ അയ്യായിരം മീറ്ററിൽ ഉത്തര്‍പ്രദേശിന്റെ ഗുല്‍വീര്‍ സിങ്ങും വനിതകളുടെ ഇരുന്നൂറ് മീറ്ററിൽ ആന്ധ്രയുടെ ജ്യോതി യരാജിയും വിജയിച്ച് ഗോള്‍ഡണ്‍ ഡബിള്‍ തികച്ചു. ശക്തമായ കാറ്റ് എതിരേ വീശിയിട്ടും 23.42 സെക്കന്‍ഡില്‍ ഉജ്വല ലീഡോടെ ഫിനിഷ് ചെയ്താണ് ജ്യോതി ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് യോഗ്യതയോടെ 200 മീറ്ററില്‍ സ്വര്‍ണം നേടിയത്. പരിക്ക് മൂലം വലഞ്ഞ കേരളത്തിന്റെ അഞ്ജലി പി.ഡിക്ക് ആറാമതായി മാത്രമേ ഫിനിഷ് ചെയ്യാനായുള്ളൂ. പുരുഷന്മാരുടെ 200 മീറ്ററില്‍ അസമിന്റെ ദേശീയ റെക്കോഡ് ഉടമ അംലാന്‍ ബോര്‍ഹെയ്ന്‍ 20.83 സെക്കന്‍ഡില്‍ സ്വര്‍ണം നേടി. പുരുഷന്മാരുടെ അയ്യായിരം മീറ്റര്‍ ഓട്ടത്തില്‍ ഗുല്‍വീറിന് പിറകില്‍ ഫിനിഷ് ചെയ്ത നാലുപേരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി. പുരുഷന്മാരുടെ ജവലിന്‍ ത്രോയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയ രോഹിത് യാദവ്, ഡി.പി. മനു, സച്ചിന്‍ യാദവ് എന്നിവരും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി.
Content Highlights: abdulla and ancy wins gold in federation cup 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..