സിഡ്‌നി: 2018-ല്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും തന്റെ വിക്കറ്റ് വീഴ്ത്തുന്നത് താന്‍ സ്വപ്‌നം കാണാറുണ്ടായിരുന്നുവെന്ന് ഓസ്‌ട്രേലിയയുടെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്. പരമ്പരയിലെ എല്ലാ ഫോര്‍മാറ്റിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമ്പോള്‍ ഭുവനേശ്വറിന്റെ ഇന്‍ സ്വിങ് പന്തുകളെയാണ് ഏറ്റവും കൂടുതല്‍ ഭയപ്പെട്ടിരുന്നതെന്നും ഫിഞ്ച് വ്യക്തമാക്കി.

ഈ ദുഃസ്വപ്നം കണ്ട് എന്നും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വിയര്‍പ്പില്‍ കുളിച്ചിട്ടുണ്ടാകുമെന്നും ഫിഞ്ച് പറയുന്നു. അടുത്ത ദിവസം ബുംറയെ നേരിടണമല്ലോ എന്നോര്‍ത്ത് ഞെട്ടിയുണരാറുണ്ടെന്നും ഫിഞ്ച് പറയുന്നു. ആമസോണിന്റെ പുതിയ ഡോക്യു-പരമ്പരയായ 'ദി ടെസ്റ്റി'ല്‍ സംസാരിക്കുകയായിരുന്നു ഫിഞ്ച്. 

ഈ പരമ്പരയിലെ ഒരു ട്വന്റി-20യിലും മൂന്നു ഏകദിനങ്ങളിലും ഫിഞ്ചിന്റെ വിക്കറ്റ് വീഴ്ത്തിയത് ഭുവനേശ്വര്‍ ആയിരുന്നു.  2-1ന് ടെസ്റ്റ് പരമ്പര വിജയിച്ച ഇന്ത്യ ചരിത്രമെഴുതി. ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു അത്. പിന്നാലെ ഏകദിനത്തില്‍ 2-1ന് വിജയിച്ചു. ട്വന്റി-20 പരമ്പര 1-1ന് സമനില ആയി. ഇന്ത്യയുടെ ടെസ്റ്റ് പരമ്പര വിജയത്തില്‍ ബുംറയുടെ പ്രകടനം നിര്‍ണായകമായി. നാല് ടെസ്റ്റില്‍ നിന്ന് ബുംറ വീഴ്ത്തിയത് 21 വിക്കറ്റാണ്.

Content Highlights: Aaron Finch nightmares India's 2018 Australian Tour