Image Courtesy: Twitter
ന്യൂഡല്‍ഹി: ഐ.പി.എല്‍ 13-ാം സീസണിന് സെപ്റ്റംബര്‍ 19-ന് യു.എ.ഇയില്‍ തുടക്കമാകുന്നതോടെ ഗാലറിയിലേക്ക് പറക്കുന്ന എം.എസ് ധോനിയുടെ ഹെലിക്കോപ്റ്റര്‍ ഷോട്ടുകള്‍ കാണാനായി കാത്തിരിക്കുകയാണ് ആരാധകര്‍.
എന്നാല്‍ ഐ.പി.എല്‍ പുതിയ സീസണിനായി ധോനി കളിത്തിലിറങ്ങും മുമ്പ് അദ്ദേഹത്തിന്റെ ട്രേഡ്മാര്‍ക്കായ ഹെലിക്കോപ്റ്റര്‍ ഷോട്ട് കളിച്ച് വിസ്മയിപ്പിക്കുകയാണ് ഒരു ഏഴു വയസുകാരി.
ഹരിയാനയിലെ റോത്തക്ക് സ്വദേശിനിയായ പാരി ശര്‍മയെന്ന കൊച്ചുമിടുക്കിയാണ് മികച്ച പെര്‍ഫക്ഷനോടെ ഹെലിക്കോപ്റ്റര്‍ ഷോട്ട് കളിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്രയാണ് പാരി ഹെലിക്കോപ്റ്റര്‍ ഷോട്ട് കളിക്കുന്ന 18 സെക്കന്റുള്ള ഒരു വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും ആകാശ് ചോപ്ര പങ്കുവെച്ച വീഡിയോക്ക് പ്രതികരണമറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ ഇടംനേടി ബാറ്റിങ് റെക്കോഡുകളെല്ലാം തകര്‍ക്കുക എന്നതാണ് പാരി ശര്‍മയെന്ന കൊച്ചുമിടുക്കിയുടെ സ്വപ്നം. പാരിയുടെ അച്ഛന്‍ തന്നെയാണ് അവളെ പരിശീലിപ്പിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ അജയ് രത്ര, ജൊഗീന്ദര്‍ ശര്‍മ എന്നിവര്‍ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചയാളാണ് ഇദ്ദേഹം.
ഇതാദ്യമായല്ല പാരി തന്റെ ബാറ്റിങ്ങിലെ സാങ്കേതികത്തികവിന്റെ പേരില്‍ ശ്രദ്ധ നേടുന്നത്. ഈ വര്‍ഷം ആദ്യം ബാറ്റിങ് പരിശീലിക്കുന്ന പാരിയുടെ ഒരു വീഡിയോ മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരങ്ങളായ നാസര്‍ ഹുസൈന്‍, മൈക്കല്‍ ആതേര്‍ട്ടണ്‍, മൈക്കല്‍ വോണ്‍ എന്നിവരെ വിസ്മയിപ്പിച്ചിരുന്നു.
Content Highlights: 7 year old girl plays helicopter shot of M S Dhoni
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..