മുസ്സാന (ഒമാന്‍): സെയ്‌ലിങ്ങില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കി നാല് ഇന്ത്യന്‍ സെയ്‌ലര്‍മാര്‍. വിഷ്ണു ശരവണന്‍, ഗണപതി ചെങ്കപ്പ, വരുണ്‍ ഥാക്കര്‍, നേത്ര കുമാനന്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഇന്ത്യ മൂന്ന് സെയ്‌ലിങ് ഇവന്റുകളില്‍ ഒളിമ്പിക് യോഗ്യത സ്വന്തമാക്കുന്നത്. ശരവണനും നേത്രയും വ്യക്തി​ഗത മത്സരങ്ങളിലും ചെങ്കപ്പ-ഥാക്കൂർ സഖ്യം ടീം ഇവന്റിലും ഒളിമ്പിക്സിൽ പങ്കെടുക്കും.

ഒമാനില്‍ വെച്ചുനടന്ന ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ വിജയിച്ചാണ് ഈ നാലുപേരും ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടിയത്. നേത്ര ബുധനാഴ്ച തന്നെ ഒളിമ്പിക്‌സിന് യോഗ്യത നേടിയിരുന്നു. സെയ്‌ലിങ്ങില്‍ ഒളിമ്പിക് യോഗ്യത നേടുന്ന ആദ്യ വനിതാതാരം എന്ന റെക്കോഡും താരം സ്വന്തമാക്കി. മുസ്സന ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ലേസര്‍ റേഡിയല്‍ ഇവന്റില്‍ വിജയിച്ചതോടെയാണ് നേത്ര ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. 

ലേസര്‍ സ്റ്റാന്‍ഡേര്‍ഡ് ക്ലാസ് മത്സരത്തില്‍ പോയന്റ് പട്ടികയില്‍ രണ്ടാമതെത്തിയതോടെയാണ് ശരവണന്‍ ഒളിമ്പിക് യോഗ്യത നേടിയത്. പിന്നാലെ ചെങ്കപ്പ-ഥാക്കർ സഖ്യം 49 ഇആര്‍ ക്ലാസ്സില്‍ ഒന്നാമതെത്തി യോഗ്യത ഉറപ്പാക്കി. നേരത്തേ ഇരുവരും 2018 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയിരുന്നു. 

ഇതിനുമുന്‍പ് 1984-ല്‍ ഫറൂഖ് തരാപോറെ-ദ്രുവ് ഭണ്ഡാരി സഖ്യവും 1988-ല്‍ തരാപോറെ-കെല്ലി റാവു സഖ്യവും ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി സെയ്‌ലിങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. 

Content Highlights:  4 Indian sailors to compete in Tokyo Olympics