ഹാനോയ്: കോവിഡ് മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യാത്ത വിയറ്റ്നാമിൽ സുരക്ഷാമാനദണ്ഡങ്ങളൊന്നും പാലിക്കാതെ ഫുട്‌ബോള്‍ മത്സരങ്ങൾ പുനഃരാരംഭിച്ചു. വെള്ളിയാഴ്ച വിയറ്റ്‌നാം ലീഗില്‍ നാം ഡിന്‍ എഫ്‌സിയും സി.എല്‍.ബി വിറ്റെലും തമ്മില്‍ നാം ഡിനിന്റെ ഹോം മൈതാനത്ത് നടന്ന മത്സരം കാണാനെത്തിയത് മുപ്പതിനായിരത്തോളം കാണികളാണ്. നിറഞ്ഞ സ്‌റ്റേഡിയത്തിലായിരുന്നു മത്സരങ്ങള്‍.

കോവിഡ് പ്രതിസന്ധിക്കു പിന്നാലെ പുനഃരാരംഭിച്ച ബുണ്ടസ്ലിഗയടക്കം അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുമ്പോഴാണ് വിയറ്റ്‌നാമില്‍ ആളുകള്‍ തോളോടു തോള്‍ ചേര്‍ന്നിരുന്ന് മത്സരം കണ്ടത്.

കോവിഡ് ഭീതിയെ തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ലീഗാണ് വിയറ്റ്‌നാമില്‍ ഇപ്പോള്‍ പുനഃരാരംഭിച്ചിരിക്കുന്നത്. അതേസമയം ഇതുവരെ കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത വിയറ്റ്‌നാമില്‍ നിലവില്‍ 328 പോസിറ്റീവ് കേസുകള്‍ മാത്രമാണുള്ളത്. കോവിഡ് ഭീതിയൊഴിഞ്ഞ് രാജ്യം സാധാരണ നിലയിലേക്ക് വരുന്ന തരത്തിലാണ് ഫുട്‌ബോള്‍ മത്സരത്തെ വിയറ്റ്‌നാം ഫുട്‌ബോള്‍ താരങ്ങളടക്കം നോക്കിക്കാണുന്നത്.

കോവിഡ് മാനദണ്ഡവുമായി ബന്ധപ്പെട്ട സാമൂഹിക അകലം പാലിക്കാതെ നടന്ന മത്സരത്തില്‍ സ്റ്റേഡിയത്തില്‍ പ്രവേശിച്ച പലരും മാസ്‌ക്കുകള്‍ പോലും ധരിച്ചിരുന്നില്ല. വൈറസിനെ പേടിയുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ ഈ വഴിക്ക് വരുമായിരുന്നോ എന്നായിരുന്നു മത്സരം കാണാനെത്തിയ ഒരാളുടെ പ്രതികരണമെന്ന് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്റ്റേഡിയത്തിനു പുറത്ത് താപനില പരിശോധിക്കാനും ഹാന്‍ഡ് സാനിറ്റൈസര്‍ സൗകര്യവും ഒരുക്കിയിരുന്നു. മാസ്‌ക്ക് ധരിച്ചവര്‍ക്കു മാത്രമേ സ്റ്റേഡിയത്തില്‍ പ്രവേശനമുള്ളൂ എന്ന് പറഞ്ഞിരുന്നെങ്കിലും കാണികളില്‍ ഭൂരിഭാഗവും മാസ്‌ക്ക് ധരിച്ചിരുന്നില്ല.

Content Highlights: 30,000 cap Fans flood football stadium as football restarts in Vietnam without social distancing