കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍ ഉപുള്‍ തരംഗയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. കൊളംബോയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ച താരത്തെ രണ്ടു മണിക്കൂറോളമാണ് ചോദ്യം ചെയ്തത്.
2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 20 പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായ താരമാണ് തരംഗ. അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് തരംഗയേയും ചോദ്യം ചെയ്തത്. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡിസില്‍വയായിരുന്നു. ആറു മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡിസില്‍വയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്നാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയത്.
മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തില്‍ കായികമന്ത്രി ദലസ് അലഹപ്പെരുമയുടെ നിര്‍ദേശപ്രകാരം കെ.ഡി.എസ് റുവാന്‍ചന്ദ്ര ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കിയിരുന്നു.
നേരത്തെ 1996-ല്‍ ലങ്കക്ക് ലോക കിരീടം നേടിക്കൊടുത്ത നായകന്‍ അര്‍ജുന രണതുംഗയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. ഫൈനല്‍ നടക്കുമ്പോള്‍ കമന്റേറ്ററായി രംണതുംഗ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ക്യാച്ചുകള്‍ കൈവിടുന്നത് അടക്കമുള്ള ഫീല്‍ഡിങ് പിഴവുകള്‍ നോക്കുമ്പോള്‍ ശ്രീലങ്കന്‍ താരങ്ങളുടെ പ്രകടനം സംശയാസ്പദമായിരുന്നുവെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
Content Highlights: 2011 World Cup final fixing allegations Sri Lanka Police Questions Opener Upul Tharanga