കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയെ ചോദ്യം ചെയ്തത് പത്തു മണിക്കൂറോളം.

2011 ലോകകപ്പില്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന മുന്‍ ശ്രീലങ്കന്‍ കായികമന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജയുടെ ആരോപണത്തെ തുടര്‍ന്ന് വിഷയത്തില്‍ അന്വേഷണം നടത്താന്‍ ശ്രീലങ്കന്‍ കായിക മന്ത്രാലയം പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണ സംഘത്തിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് മൊഴി രേഖപ്പെടുത്താന്‍ എത്തണമെന്നായിരുന്നു സംഗക്കാരയോട് ആവശ്യപ്പെട്ടിരുന്നത്.

ചോദ്യം ചെയ്യല്‍ നീണ്ടുപോയതോടെ അധികൃതര്‍ സംഗക്കാരയെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് ശ്രീലങ്കയിലെ യുവജന സംഘടനയായ സമാഗി തരുണ ബലവേഗയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ചു.

2011 World Cup final fixing allegations probe Kumar Sangakkara questioned for nearly 10 hours

അന്വേഷണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് സംഘം മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അരവിന്ദ ഡിസില്‍വയേയും ശ്രീലങ്കന്‍ താരം ഉപുള്‍ തരംഗയേയും ചോദ്യം ചെയ്തിരുന്നു. 2011 ലോകകപ്പിന്റെ സമയത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡിസില്‍വയായിരുന്നു. ആറു മണിക്കൂറോളം പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഡിസില്‍വയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കൊളംബോയിലെ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചാണ് ഉപുള്‍ തരംഗയെ ചോദ്യം ചെയ്തത്. രണ്ടു മണിക്കൂറോളമാണ് താരത്തെ ചോദ്യം ചെയ്തത്. 2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 20 പന്തില്‍ നിന്ന് വെറും രണ്ടു റണ്‍സ് മാത്രമെടുത്ത് പുറത്തായ താരമാണ് തരംഗ.

Content Highlights: 2011 World Cup final fixing allegations probe Kumar Sangakkara questioned for nearly 10 hours