Representative Image
തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ കായികതാരങ്ങള്‍ ഇനി ഓട്ടോറിക്ഷ ഓടിച്ചും കൂലിപ്പണിയെടുത്തും കഷ്ടപ്പെടേണ്ട. അഞ്ചു വര്‍ഷമായി മുടങ്ങിക്കിടന്ന സ്പോര്‍ട്സ് ക്വാട്ട നിയമനത്തിന് പച്ചക്കൊടി കാണിച്ച് സംസ്ഥാന സര്‍ക്കാര്‍. 2010-14 കാലയളവിലെ സ്പോര്‍ട്സ് ക്വാട്ട നിയമനത്തിനു പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിലെ കായികതാരങ്ങള്‍ക്ക് നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിയമനം വൈകുന്നത് ചൂണ്ടിക്കാട്ടി മാതൃഭൂമി വാര്‍ത്ത നല്‍കിയിരുന്നു. ഇതേതുടര്‍ന്നുണ്ടായ ഇടപെടലുകളാണ് നിയമന ഉത്തരവിലേക്ക് നയിച്ചത്.
തുഴച്ചിലില്‍ ഒളിമ്പ്യനായ ജെനില്‍ കൃഷ്ണന്‍, വേള്‍ഡ് യൂണിവേഴ്‌സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ മത്സരിച്ച ജെറിസ് ജോര്‍ജ്, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മത്സരിച്ച സൈക്ലിങ് താരം സയോണ, സ്‌കൂള്‍ കായികോത്സവങ്ങളിലെ താരമായിരുന്ന എം.ഡി താര ഉള്‍പ്പെടെ 195 കായിതാരങ്ങള്‍ക്കാണ് നിയമനം ലഭിക്കുക. ഇതില്‍നിന്ന് അഞ്ചു പേരെ റഗുലര്‍ തസ്തികകളിലും 190 പേരെ താല്‍ക്കാലികമായുമാണ് നിയമിക്കുന്നത്. ഇതിനായി 195 പുതിയ തസ്തിക സൃഷ്ടിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമനം നല്‍കുന്നത്. നിയമന ഉത്തരവ് ഉടന്‍ കൈമാറും.

വര്‍ഷം 50 പേരെയാണു സ്പോര്‍ട്സ് ക്വാട്ടയില്‍ നിയമിക്കേണ്ടത്. ഇതനുസരിച്ച് 2010 മുതല്‍ 2014 വരെയുള്ള അഞ്ചു വര്‍ഷത്തെ നിയമനത്തിനാണു റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഈ കണക്കു പ്രകാരം 250 പേര്‍ക്കു നിയമനം നല്‍കണം. ഒരു തസ്തികയില്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷിനു പ്രത്യേക പരിഗണനയില്‍ നേരത്തെ നിയമനം നല്‍കിയിരുന്നു. മറ്റൊരു തസ്തികയിലെ നിയമനം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ രണ്ടെണ്ണം ഒഴിവാക്കി 248 പേരുടെ പട്ടികയാണു പ്രസിദ്ധീകരിച്ചിരുന്നത്.
എന്നാല്‍ ഒരേ കായികതാരം തന്നെ ഒന്നിലധികം വര്‍ഷങ്ങളിലെ പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആകെ 195 പേരാണ് അഞ്ചു വര്‍ഷത്തെ റാങ്ക് പട്ടികയില്‍ ഉള്ളത്. ബാക്കി വന്ന 53 ഒഴിവുകളിലെ നിയമനത്തിനു വൈകാതെ നടപടി സ്വീകരിക്കും. ഇതിനായി നേരത്തെ നല്‍കിയ അപേക്ഷ പരിശോധിച്ചു സെലക്ഷന്‍ കമ്മിറ്റി പുതിയ റാങ്ക് പട്ടിക തയ്യാറാക്കും.
2010 മുതല്‍ 2014 വരെയുള്ള കാലയളവിലെ ഒഴിവുകള്‍ നികത്താനായി വിജ്ഞാപനം വന്നത് 2015 ഡിസംബര്‍ ഏഴിനായിരുന്നു. നാല് വര്‍ഷത്തിന് ശേഷം 2019 ഫെബ്രുവരി എട്ടിനാണ് റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. എന്നാല്‍ റാങ്ക് പട്ടികയിലെ അപാകതകള്‍ കാരണം നിയമനം നീണ്ടുപോകുകയായിരുന്നു.
Content Highlights: 195 Posts in Sports Quota
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..