ലിമ: പെറുവില്‍ വെച്ച് നടക്കുന്ന ഐ.എസ്.എസ്.എഫ്. ജൂനിയര്‍ ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ നാമ്യ കപൂറിന് സ്വര്‍ണം. പെണ്‍കുട്ടികളുടെ 25 മീറ്റര്‍ പിസ്റ്റോള്‍ മത്സരത്തിലാണ് നാമ്യ സ്വര്‍ണം നേടിയത്.

14 കാരിയായ നാമ്യയിലൂടെ ഇന്ത്യ ചാമ്പ്യന്‍ഷിപ്പില്‍ ഏഴാം സ്വര്‍ണം സ്വന്തമാക്കി. ഏഴ് സ്വര്‍ണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 16 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 

ഈ സ്വര്‍ണനേട്ടത്തോടെ അപൂര്‍വമായ ഒരു റെക്കോഡ് നാമ്യ സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി അന്താരാഷ്ട്ര ഷൂട്ടിങ് മത്സരത്തില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാതാരം എന്ന റെക്കോഡാണ് നാമ്യ സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. 

എട്ടുപേരാണ് ഫൈനലില്‍ മാറ്റുരച്ചത്. ആദ്യമായി ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന നാമ്യ ലോകചാമ്പ്യനായ ഇന്ത്യയുടെ മനു ഭാക്കറെ അട്ടിമറിച്ചാണ് സ്വര്‍ണത്തിലേക്ക് കുതിച്ചത്. ഫ്രാന്‍സിന്റെ ക്യാമില്ലെ യെഡ്രേവ്‌സ്‌കി വെള്ളിയും മനു ഭാക്കര്‍ വെങ്കലവും സ്വന്തമാക്കി.  ഇന്ത്യയുടെ തന്നെ റിഥം സാങ്ഗ്വാന്‍ നാലാമതെത്തി. 

ഡല്‍ഹി സ്വദേശിനിയായ നാമ്യ ദിവസവും ഫരീദാബാദിലേക്ക് യാത്രനടത്തിയാണ് ഷൂട്ടിങ് പരിശീലനം നടത്താറ്. യോഗ്യതാ റൗണ്ടില്‍ അഞ്ചാം സ്ഥാനം മാത്രം നേടിയ നാമ്യ ഫൈനലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുകയായിരുന്നു. 

Content Highlights: 14-year-old shooter Naamya Kapoor wins gold in junior world championships