ന്യൂഡല്‍ഹി: പതിമൂന്നാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണം ആധികാരികമായിരുന്നു. പ്രവചനങ്ങള്‍ ശരിവെച്ച് അവര്‍ കിരീടവും നേടി. എന്നാല്‍, ഈ ടൂര്‍ണമെന്റിലെ യഥാര്‍ഥ വിജയി ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും (ബി.സി.സി.ഐ.) അതിന്റെ സംഘാടകരുമാണ്.

കോവിഡ് എന്ന മഹാമാരിയില്‍ ലോകം വിറങ്ങലിച്ചുനില്‍ക്കേ, അമ്പതു ദിവസത്തിലേറെ നീളുന്ന ഒരു ക്രിക്കറ്റ് ടൂര്‍ണമെന്റ് നടത്താന്‍ ധൈര്യം കാണിച്ചതിനാണ് ആദ്യസല്യൂട്ട്. കഴിഞ്ഞ മാര്‍ച്ച് 29-നാണ് കളിതുടങ്ങേണ്ടിയിരുന്നത്. ആ സമയം ഇന്ത്യയില്‍ കോവിഡ് നിയന്ത്രണാതീതമായപ്പോഴും ടൂര്‍ണമെന്റ് നടത്തും എന്ന ദൃഢനിശ്ചയത്തിലായിരുന്നു ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും കൂട്ടരും. അതിനുവേണ്ടി, ട്വന്റി 20 ലോകകപ്പിന് അനുവദിച്ചിരുന്ന സമയം ചോദിച്ചുവാങ്ങി. ടൂര്‍ണമെന്റ് ദുബായിലേക്ക് പറിച്ചുനട്ടു.

ഒരു മാസം മുമ്പുതന്നെ കളിക്കാരെല്ലാം ദുബായിലെത്തി കോവിഡ് പരിശോധനയും ക്വാറന്റീനും പൂര്‍ത്തിയാക്കി. ഇരുനൂറിലേറെ താരങ്ങളും ഒഫീഷ്യല്‍സും കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ക്കകത്താണ് (ബയോ സെക്യുര്‍ ബബിള്‍) ഇത്രയും കാലം കഴിഞ്ഞത്.

ചെന്നൈ സൂപ്പര്‍ കിങ്സിലെ ചില കളിക്കാര്‍ക്ക് കോവിഡ് ബാധിച്ചത് മാറ്റനിര്‍ത്തിയാല്‍ അപകടങ്ങളൊന്നുമില്ലാതെ ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കാനായി.

''ഇത്രയും നീണ്ടകാലം ബയോ സെക്യുര്‍ ബബിളിനകത്ത് ജീവിക്കുന്നത് കഠിനമായിരുന്നു. അതിന് തയ്യാറായ താരങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ മനസ്സാന്നിധ്യമാണ് ഈ ടൂര്‍ണമെന്റിനെ വിജയിപ്പിച്ചത്.'' - സൗരവ് ഗാംഗുലി (ബി.സി.സി.ഐ. പ്രസിഡന്റ്)

Content Highlights: 13th edition of IPL came to an end big salute for BCCI s efforts