Photo: twitter.com|ICC
വിരാട് കോലി എന്ന താരം ഇന്ത്യന്‍ ക്രിക്കറ്റിന് ഉണ്ടാക്കിയ മാറ്റങ്ങള്‍ നിരവധിയാണ്. ഒരു ബാറ്റ്സ്മാന് എന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും അണ്ടര്‍ 19 കാലം മുതല്‍ ഇന്നുവരെയുള്ള അദ്ദേഹത്തിന്റെ പുരോഗതിയെ അസാധാരണം എന്നല്ലാതെ മറ്റെന്ത് പറഞ്ഞ് വിശേഷിപ്പിക്കും.
മാര്‍ച്ച് രണ്ട് എന്ന തീയതി വിരാട് കോലിയെ സംബന്ധിച്ച് ഒരിക്കലും മറക്കാനാകാത്ത തീയതിയാണ്. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീം ലോകകപ്പ് ഉയര്‍ത്തിയത് 2008 മാര്‍ച്ച് രണ്ടിനായിരുന്നു. ആ കിരീട നേട്ടത്തിന്റെ 13-ാം വാര്‍ഷികമാണ് ഇന്ന്.
ഒരിക്കലും അന്നത്തെ അണ്ടര്‍ 19 ടീമിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനൊന്നും ആയിരുന്നില്ല കോലി. എന്നാല്‍ ജീവിത ശൈലിയിലും മറ്റും വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് അദ്ദേഹത്തിന്റെ കളി മെച്ചപ്പെട്ടുകൊണ്ടിരുന്നു.
2008 മാര്‍ച്ച് 2-ന് മലേഷ്യയിലെ ക്വലാലംപുരില്‍ നടന്ന ഫൈനലില്‍ വെയ്ന്‍ പാര്‍നല്‍ നയിച്ച ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍ 19 ടീമിനെ തോല്‍പ്പിച്ചാണ് കോലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം കിരീടം ചൂടിയത്. ഡക്ക്വര്‍ത്ത് ലൂയിസ് നിയമ പ്രകാരം 12 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം.

ഫൈനലില്‍ അത്ര മികച്ച ബാറ്റിങ് പ്രകടനമൊന്നുമായിരുന്നില്ല ഇന്ത്യയുടേത്. 46 റണ്‍സെടുത്ത തന്മയ് ശ്രീവാസ്തവയുടെയും 20 റണ്‍സെടുത്ത കോലിയുടെയും 20 റണ്‍സെടുത്ത മനീഷ് പാണ്ഡെയുടെയും പ്രകടത്തില്‍ 45.4 ഓവറില്‍ ടീം 159 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 25 ഓവറില്‍ 116 റണ്‍സായി പുനഃര്നിശ്ചയിച്ചു. എന്നാല്‍ രണ്ടു വീതം വിക്കറ്റെടുത്ത അജിതേഷ് അഗര്‍വാള്‍, രവീന്ദ്ര ജഡേജ, സിദ്ധാര്‍ഥ് കൗള്‍ എന്നിവരുടെ മികവില്‍ ദക്ഷിണാഫ്രിക്കയെ എട്ടിന് 103 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ കിരീടം സ്വന്തമാക്കുകയായിരുന്നു.
അഞ്ച് ഓവറില്‍ രണ്ടു മെയ്ഡനടക്കം ഏഴു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ അജിതേഷ് അര്ഗാളായിരുന്നു കളിയിലെ താരം.
2000-ല്‍ മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ ആദ്യമായി അണ്ടര്‍ - 19 ലോകകപ്പ് നേടിയ ശേഷമുളള ഇന്ത്യയുടെ കിരീട നേട്ടമായിരുന്നു 2008-ലേത്.
അണ്ടല്‍ 19 ലോകകപ്പ് വിജയത്തിനു ശേഷമുള്ള കോലിയുടെ കരിയര്‍ ഏതൊരാള്‍ക്കും പ്രചോദനമാണ്. പിന്നീട് സീനിയര്‍ ടീം ക്യാപ്റ്റനായി വളര്‍ന്ന കോലി ഏകദിനത്തില്‍ 12,000 റണ്‍സും ടെസ്റ്റില്‍ 7,000 റണ്‍സും പിന്നിട്ടുകഴിഞ്ഞു. ക്രിക്കറ്റിന്റെ മൂന്നു ഫോര്‍മാറ്റിലുമായി 50-ന് മുകളില്‍ ശരാശരിയുള്ള താരവുമാണ് കോലി.
Content Highlights: 13 years ago on this day Virat Kohli wins U-19 World Cup title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..