മുംബൈ: 2010-ലാണ് ജയദേവ് ഉനദ്കട്ട് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്. പക്ഷേ ഒരിക്കലും ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു അരങ്ങേറ്റമായിരുന്നു അത്. 26 ഓവറില്‍ 101 റണ്‍സ് വഴങ്ങിയ ഉനദ്കട്ട് ഒരു വിക്കറ്റ് പോലും വീഴ്ത്തിയില്ല. എന്നാല്‍ വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഉനദ്കട്ട് ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവന്നു. രഞ്ജി ട്രോഫി ഈ സീസണില്‍ സൗരാഷ്ട്രയെ കിരീടത്തിലേക്ക് നയിച്ചത് ഉനദ്കട്ടിന്റെ പ്രകടനമായിരുന്നു. 10 മത്സരങ്ങളില്‍ നിന്ന് 67 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 

ഇതോടെ ഇന്ത്യന്‍ ടീമില്‍ രണ്ടാമൂഴം പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഉനദ്കട്ട്. ഇപ്പോള്‍ കരിയറില്‍ ഏറ്റവും മികച്ച ഫോമിലാണെന്നും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഉനദ്കട്ട് വ്യക്തമാക്കി. ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സ്വപ്‌നം പങ്കുവെച്ചത്.

'വിക്കറ്റ് എടുക്കുന്നത് മാത്രമല്ല, ഞാന്‍ ഓരോ മത്സരം കഴിയുംതോറും മെച്ചപ്പെട്ടുവരുന്നുണ്ട്. ഞാന്‍ ഇപ്പോള്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കാന്‍ പാകപ്പെട്ടിട്ടുണ്ട്. രഞ്ജിയില്‍ അഞ്ചാം ദിവസം പഴയ പന്തുപയോഗിച്ചാണ് ഞാന്‍ ബോള്‍ ചെയ്തത്. എന്നിട്ടും മികച്ച പ്രകടനം പുറത്തെടുത്തു. ഇതെല്ലാം എന്റെ പ്രകടനത്തിലെ മികവാണ് ചൂണ്ടിക്കാട്ടുന്നത്. വിക്കറ്റെടുക്കുന്നതു മാത്രമല്ല അത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ ഞാന്‍ ഇപ്പോള്‍ മികച്ച ഫോമിലാണെന്ന് പറയാനാകും. ഇന്ത്യന്‍ ടീമില്‍ തിരിച്ചുവരാനുള്ള അതിയായ ആഗ്രഹം എനിക്കുണ്ട്. ഈ തിരിച്ചുവരവ് തന്നെയാണ് എന്നെ മുന്നോട്ടുനയിക്കുന്ന ഘടകം. വളരെ പ്രയാസം നിറഞ്ഞതായിരുന്നു രഞ്ജി സീസണ്‍. അവസാനം സൗരാഷ്ട്രയെ കിരീടത്തിലേക്ക് നയിച്ചതില്‍ സന്തോഷമുണ്ട്. ലോകത്തെ ഏറ്റവും സന്തോഷവാനായ ക്യാപ്റ്റനാണ് ഞാനിപ്പോള്‍.' ഉനദ്കട്ട് അഭിമുഖത്തില്‍ പറയുന്നു.

Content Highlights:  10 years after India debut, Ranji Trophy star Jaydev Unadkat wishes for Test comeback