മൊഹാലി: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് 151 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുത്തു. ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.

അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറാണ് ഹൈദരാബാദ് ഇന്നിങ്‌സിന് കരുത്തായത്. 41 പന്തില്‍ 58 റണ്‍സെടുത്ത വാര്‍ണര്‍ പത്ത് ബൗണ്ടറിയും ഒരു സിക്‌സുമടിച്ചു. ഹെന്റിക്‌സ് (32 പന്തില്‍ 30), നമാന്‍ ഓജ (26 പന്തില്‍ 28), ആശിശ് റെഡ്ഢി (8 പന്തില്‍ 22) എന്നിവരാണ് ഹൈദരാബാദ് സ്‌കോറിലേക്ക് കാര്യമായ സംഭാവനകള്‍ നല്‍കിയവര്‍.

പഞ്ചാബിനായി മിച്ചല്‍ ജോണ്‍സണും അക്‌സര്‍ പട്ടേലും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ സന്ദീപ് ശര്‍മയും അനുരീത് സിങും ഓരോ വിക്കറ്റ് പങ്കിട്ടു.