ഹൈദരാബാദ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 143 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 49 പന്തില്‍ 54 റണ്‍സ് നേടിയ അമ്പാട്ടി റായിഡുവും 28 പന്തില്‍ 49 റണ്‍സടിച്ച ക്രുണാല്‍ പാണ്ഡ്യയുമാണ് മുംബൈയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. പൊള്ളാര്‍ഡിന് പകരമിറങ്ങിയ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ രണ്ട് റണ്‍സിന് പുറത്തായി. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ബരീന്ദര്‍ സ്രാനാണ് ഹൈദരാബാദ് ബൗളിങ് നിരയില്‍ തിളങ്ങിയത്.

മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമുള്ള മുംബൈ പോയിന്റ് ടേബിളില്‍ ആറാം സ്ഥാനത്താണ്. രണ്ട് മത്സരം കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഇതുവരെ വിജയം നേടാനായിട്ടില്ല. പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ് ഹൈദരാബാദ്.