സാഖിര്‍ (ബഹ്‌റൈന്‍): നവംബര്‍ 29-ന് നടന്ന ബഹ്‌റൈന്‍ ഗ്രാന്‍പ്രീക്കിടെ അപകടത്തില്‍പ്പെട്ട ഹാസ് ഫെരാരിയുടെ ഡ്രൈവര്‍ റൊമന്‍ റോഷാന്‍ ആശുപത്രി വിട്ടു.

തീയില്‍പ്പെട്ട് നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും കത്തിയെങ്കിലും റൊമന്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 

അപകടത്തില്‍ താരത്തിന്റെ ഇടതുകാലിന് പൊട്ടലുണ്ട്. കൈകള്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. അപകടത്തിനു പിന്നാലെ ബഹ്‌റൈനിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച റൊമന്‍ ബുധനാഴ്ചയാണ് ആശുപത്രി വിട്ടത്. അന്ന് താന്‍ മരണത്തെ മുന്നില്‍ കണ്ടെന്ന് റൊമന്‍ പ്രതികരിച്ചു.

മത്സരത്തിന്റെ ഓപ്പണിങ് ലാപ്പില്‍ തന്നെയായിരുന്നു അപകടം. റഷ്യന്‍ ഡ്രൈവര്‍ ഡാനില്‍ ക്വിയാറ്റിന്റെ കാറുമായി കൂട്ടിയിടിച്ച റൊമന്റെ കാര്‍ ട്രാക്കില്‍നിന്ന് തെറ്റി കാര്‍ ബാരിയറില്‍ ഇടിച്ച് രണ്ടായി ചിതറി. കണ്ണടച്ചുതുറക്കുംമുമ്പ് കാറിനെ തീ വിഴുങ്ങി. അപകടത്തില്‍ കാറിന്റെ ഇന്ധന ടാങ്ക് തകര്‍ന്നിരുന്നു. ഇതാണ് തീപിടിക്കാന്‍ ഇടയാക്കിയത്.

ഉടന്‍ കാറിനുപുറത്തിറങ്ങി ബാരിയറിന് മുകളിലൂടെ ചാടിയതിനാല്‍ റൊമന്‍ റോഷാനിന്റെ ജീവന്‍ രക്ഷപ്പെട്ടു.

'' അപകടത്തിനു പിന്നാലെ ഞാന്‍ ഉടന്‍ തന്നെ സീറ്റ് ബെല്‍റ്റ് അഴിച്ചുമാറ്റി, കാറില്‍ നിന്നിറങ്ങാന്‍ ശ്രമിച്ചു. പക്ഷേ എന്റെ ഹെല്‍മെറ്റ് എന്തിലോ തട്ടുന്നതായി തോന്നി. ഞാന്‍ കുടുങ്ങിക്കിടക്കുകയാണെന്നും കാത്തിരിക്കാമെന്നും കരുതി. പക്ഷേ എന്റെ ഇടതുവശം ഓറഞ്ച് നിറമാകാന്‍ തുടങ്ങി. വാഹനം കത്താന്‍ തുടങ്ങുന്നതായി ഞാന്‍ മനസിലാക്കി. ഇരുവശത്തേക്കും അനങ്ങാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെയാണ് ആ കുടുക്കില്‍ നിന്നും പുറത്തുകടക്കാനുള്ള സാധനങ്ങള്‍ ഞാന്‍ കണ്ടെത്തുന്നത്. അന്ന് ഞാന്‍ മരണത്തെ മുഖാമുഖം കണ്ടു.'' - ആശുപത്രി വിട്ട ശേഷം റൊമന്‍ പറഞ്ഞു.

Content Highlights: Romain Grosjean Leaves Hospital after his dramatic escape from car crash