ബുഡാപെസ്റ്റ്: പോള്‍ പൊസിഷനില്‍ തുടങ്ങിയ വെര്‍സ്റ്റാപ്പനെ മറികടന്ന് മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ് ഹംഗറി ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ മത്സരത്തില്‍ കിരീടം. ജര്‍മന്‍ ഗ്രാന്‍പ്രീയില്‍ വിജയിച്ച റെഡ്ബുള്‍ റേസിങ് ഹോണ്ടയുടെ മാക്‌സ് വെര്‍സ്റ്റാപ്പനെ അവസാന മറികടന്നാണ് ഹാമില്‍ട്ടണ്‍ കിരീടം തിരിച്ചുപിടിച്ചത്. സമയം: 1:25.03

പന്ത്രണ്ട് ഗ്രാന്‍പ്രീകള്‍ പൂര്‍ത്തിയായപ്പോള്‍ 250 പോയിന്റുമായി ലീഡ് ചെയ്യുകയാണ് ഹാമില്‍ട്ടണ്‍. 188 പോയിന്റുള്ള മെഴ്‌സിഡസിന്റെ തന്നെ വല്‍ട്ടേരി ബൊള്‍ട്ടാസാണ് രണ്ടാമത്. 181 പോയിന്റാണ് മൂന്നാം സ്ഥാനത്തുള്ള വെര്‍സ്റ്റാപ്പനുള്ളത്.

67 ലാപ്പ് വരെ മുന്നിട്ടുനിന്നശേഷമാണ് വെര്‍സ്റ്റാപ്പന്‍ ലീഡ് ഹാമില്‍ട്ടണ് വിട്ടുകൊടുത്തത്. അറുപത്തിയൊന്നാം ലാപ്പ് പൂര്‍ത്തിയായപ്പോള്‍ വെറും 11 സെക്കന്‍ഡിന്റെ വ്യത്യാസമേ വെര്‍സ്റ്റാപ്പനും ഹാമില്‍ട്ടണും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ. അറുപത്തിയാറാം ലാപ്പ് മുതല്‍ ലീഡ് കുറച്ചുകൊണ്ടുവന്ന ഹാമില്‍ട്ടണ്‍ ഉജ്വലമായ കുതിപ്പിലൂടെ അറുപത്തിയേഴാം ലാപ്പിനൊടുവില്‍ മുന്നില്‍ കയറി. ഈ ലീഡ് പിന്നീടുള്ള മൂന്ന് ലാപ്പുകളില്‍ വിട്ടുകൊടുത്തതുമില്ല. അറുപത്തിനാലാം ലാപ്പ് മുതല്‍ ടയറിന്റെ പ്രശ്‌നം മൂലം വിഷമിച്ച വെര്‍സറ്റാപ്പന് ഏറ്റവും വേഗതയേറിയ അവസാന ലാപ്പില്‍ കണക്കുകൂട്ടിയതുപോലെ കുതിക്കാനുമായില്ല.

ഈ സീസണിലെ ഹാമില്‍ട്ടന്റെ എട്ടാമത്തെ വിജയമാണിത്. ഇതില്‍ മൂന്ന് തവണ മാത്രമാണ് പോള്‍ പൊസിഷനില്‍ തുടങ്ങാനായത്. ബെഹറൈന്‍, ചൈനീസ്, സ്പാനിഷ്, മൊണാക്കോ, കനേഡിയന്‍, ഫ്രഞ്ച്, ബ്രിട്ടീഷ് ഗ്രാന്‍പ്രീകളിലായിരുന്നു ഹാമില്‍ട്ടന്‍ വിജയിച്ചത്. ഓസ്ട്രിയന്‍, ജര്‍മന്‍ ഗ്രാന്‍പ്രീകളില്‍ മാത്രമായിരുന്നു വെര്‍സ്റ്റാപ്പന് വിജയിക്കാനായത്. ഓസ്‌ട്രേലിയന്‍, അസര്‍ബൈജാന്‍ ഗ്രാന്‍പ്രീകളിലാണ് മെഴ്‌സിഡസില്‍ ഹാമില്‍ട്ടന്റെ കൂട്ടാളിയായ വാല്‍ട്ടെരി ബൊട്ടാസ് വിജയിച്ചത്.

ഓസ്‌ട്രേലിയന്‍, അസര്‍ബൈജാന്‍ ഗ്രാന്‍പ്രീകളില്‍ ഹാമില്‍ട്ടണ്‍ രണ്ടാമതും ഓസ്ട്രിയന്‍ ഗ്രാന്‍പ്രീയില്‍ അഞ്ചമതും ജര്‍മനിയി ഒന്‍പതാമതുമായിരുന്നു. 

Content Highlights: Mercedes Driver Lewis Hamilton wins Hungarian Grand Prix Beats  Max Verstappen