ലണ്ടന്‍: ബ്രിട്ടീഷ് ഗ്രാന്‍പ്രിയിലെ വിവാദ വിജയത്തിന് പിന്നാലെ മെഴ്‌സിഡസ് താരം ലൂയിസ് ഹാമില്‍ട്ടന് നേരെ വംശീയാധിക്ഷേപം. സോഷ്യല്‍ മീഡിയിലൂടെയാണ് ആളുകള്‍ ഹാമില്‍ട്ടണെ അധിക്ഷേപിച്ചത്. ഗ്രാന്‍പ്രീക്കിടെ റെഡ് ബുള്‍ ഡ്രൈവര്‍ മാക്‌സ് വെര്‍സ്റ്റപ്പന്റെ കാര്‍ തകര്‍ന്നിരുന്നു. ലൂയിസ് ഹാമില്‍ട്ടനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മത്സരത്തിന്റെ ഒന്നാം ലാപ്പിലായിരുന്നു സംഭവം. ഹാമില്‍ട്ടന്റെ കാറിന്റെ മുന്‍ ടയര്‍ വെര്‍സ്റ്റപ്പന്റെ കാറിന്റെ പിന്‍ ടയറില്‍ ഉരസിയതോടെയാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ടയറുകള്‍ സുരക്ഷാ സുരക്ഷാ ഭിത്തിയിലിടിച്ച്‌ കാര്‍ തകര്‍ന്നു. താരം അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 

അപകടത്തെ തുടര്‍ന്ന് മത്സരം മുക്കാല്‍ മണിക്കൂറോളം നിര്‍ത്തിവെച്ചു. സംഭവത്തില്‍ ഹാമില്‍ട്ടന് 10 സെക്കന്റ് പിഴയും ലഭിച്ചു. 

ഫെരാരി താരം ചാള്‍സ് ലെക്ലയര്‍ ആയിരുന്നു മത്സരം പുനരാരംഭിക്കുമ്പോള്‍ ഒന്നാം സ്ഥാനത്ത്. 52 ലാപ് മത്സരത്തിന്റെ 50-ാം ലാപ്പില്‍ ലെക്ലയറിനെ ഹാമില്‍ട്ടന്‍ പിന്നിലാക്കി. മെഴ്‌സിഡസിന്റെ വാള്‍ട്ടേരി ബോത്താസ് മൂന്നാം സ്ഥാനത്തെത്തി. 

ചാമ്പ്യന്‍ഷിപ്പില്‍ 185 പോയിന്റുമായി വെര്‍സ്‌റ്റെപ്പനാണ് ലീഡ് ചെയ്യുന്നത്. 178 പോയിന്റോടെ ഹാമില്‍ട്ടന്‍ രണ്ടാം സ്ഥാനത്താണ്. ബ്രിട്ടീഷ് ഗ്രാന്‍പ്രിയില്‍ വെര്‍സ്റ്റപ്പന്റെ കാര്‍ തകര്‍ന്നതോടെ ഇരുവരും തമ്മിലുള്ള പോയിന്റ് വ്യത്യാസം ഏഴ് ആയി കുറഞ്ഞു. 

Content Highlights: Lewis Hamilton Racially Abused On Social Media Over Controversial British GP Win