സാവോപോളോ: ഏഴുതവണ ലോകചാമ്പ്യനായ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ് താരം ലൂയിസ് ഹാമില്‍ട്ടണ് സാവോപോളോ ഗ്രാന്‍പ്രി കിരീടം. പ്രധാന എതിരാളിയായ മാക്‌സ് വെസ്തപ്പനെ മറികടന്നാണ് ഹാമില്‍ട്ടണ്‍ ഫോര്‍മുല വണ്‍ കിരീടത്തില്‍ മുത്തമിട്ടത്. 

മത്സരത്തില്‍ റെഡ്ബുള്ളിന്റെ താരമായ വെസ്തപ്പന്‍ രണ്ടാം സ്ഥാനത്തും മെഴ്‌സിഡസിന്റെ തന്നെ വാള്‍ട്ടേരി ബോത്താസ് മൂന്നാമതും ഫിനിഷ് ചെയ്തു. ഹാമില്‍ട്ടണ്‍ തകര്‍പ്പന്‍ പ്രകടനമാണ് ബ്രസീലില്‍ കാഴ്ചവെച്ചത്. ഈ വിജയത്തോടെ 2021 ഫോര്‍മുല വണ്‍ സീസണില്‍ ഒന്നാം സ്ഥാനത്തുള്ള വെസ്തപ്പനുമായുള്ള അകലം 14 പോയന്റാക്കി കുറയ്ക്കാന്‍ ഹാമില്‍ട്ടണ് സാധിച്ചു. ഹാമില്‍ട്ടന്റെ കരിയറിലെ 101-ാം വിജയമാണ് ബ്രസീലില്‍ പിറന്നത്. 

ഈ സീസണില്‍ ഇനി മൂന്ന് റേസുകളാണ് ബാക്കിയുള്ളത്. നിലവില്‍ ഒന്‍പത് വിജയങ്ങള്‍ നേടിക്കൊണ്ട് 332.5 പോയന്റുമായി വെസ്തപ്പന്‍ ഒന്നാമതും ആറു വിജയങ്ങളില്‍ നിന്ന് 318.5 പോയന്റ് നേടിക്കൊണ്ട് ഹാമില്‍ട്ടണ്‍ രണ്ടാമതും നില്‍ക്കുന്നു. 203 പോയന്റാണ് മൂന്നാമതുള്ള ബോത്താസിനുള്ളത്.

സെര്‍ജിയോ പെരെസ്, ലാന്‍ഡോ നോറിസ് എന്നിവരാണ് പോയന്റ് പട്ടികയില്‍ നാല്, അഞ്ച് സ്ഥാനങ്ങളില്‍. എന്നാല്‍ മുന്‍ ലോക ചാമ്പ്യനായ സെബാസ്റ്റ്യന്‍ വെറ്റല്‍ 12-ാം സ്ഥാനത്തേക്ക് വീണു. ഒരു കിരീടം പോലും സീസണില്‍ സ്വന്തമാക്കാന്‍ വെറ്റലിന് സാധിച്ചിട്ടില്ല.

Content Highlights: Lewis Hamilton hunts down Max Verstappen to seize victory in Brazil