അബുദാബി: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട 21 ഗ്രാന്‍പ്രീകള്‍. ഇനി അവശേഷിക്കുന്നത് ഒരേയൊരു ഗ്രാന്റ്പ്രീ. തുല്യപോയന്റുമായി മെഴ്സിഡസിന്റെ ലൂയി ഹാമില്‍ട്ടും റെഡ്ബുള്ളിന്റെ മാക്‌സ് വെസ്തപ്പനും. ഫോര്‍മുല വണ്‍ ലോകകിരീടം ആര്‍ക്കെന്ന ആകാംക്ഷയുമായി എല്ലാ കണ്ണുകളും ഇനി അബുദാബി ഗ്രാന്‍പ്രീയുടെ ഫിനിഷിങ് പോയന്റിലേക്ക്.

ബ്രിട്ടീഷ് ഡ്രൈവര്‍ ഹാമില്‍ട്ടനും ഡച്ച് ഡ്രൈവര്‍ വെസ്തപ്പനും 369.5 പോയന്റ് വീതമാണുള്ളത്. ഇതോടെയാണ് ലോകകിരീടം നിര്‍ണയിക്കുന്നത് സീസണിലെ അവസാന ഗ്രാന്‍പ്രീയായ അബുദാബിയിലേക്ക് നീങ്ങിയത്. ഞായറാഴ്ചയാണ് മത്സരം.

ഇത്തവണ ആര് കിരീടം നേടിയാലും അത് ചരിത്രമാണ്. ഹാമില്‍ട്ടണാണ് വിജയിക്കുന്നതെങ്കില്‍ കരിയറിലെ എട്ടാം കിരീടമാകും. ഇതോടെ ഫോര്‍മുല വണ്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടമെന്ന റെക്കോഡ് സ്വന്തമാകും. നിലവില്‍ മൈക്കല്‍ ഷുമാക്കര്‍ക്കൊപ്പം റെക്കോഡ് പങ്കിടുകയാണ്. വെസ്തപ്പനാണ് വിജയിക്കുന്നതെങ്കില്‍ ഏഴ് സീസണുകള്‍ക്കുശേഷം മെഴ്സിഡസിന്റെ കുത്തക അവസാനിക്കും.

2008-നുശേഷം ആദ്യമായിട്ടാണ് കിരീടപോരാട്ടം അവസാന ഗ്രാന്റ് പ്രീയിലേക്ക് നീളുന്നത്. സീസണിലെ ആദ്യ ഗ്രാന്‍പ്രീയായ ബഹ്റൈനില്‍ ഹാമില്‍ട്ടനാണ് ജയിച്ചത്.

ആദ്യ നാല് ഗ്രാന്റ് പ്രീകള്‍ കഴിഞ്ഞപ്പോള്‍ മൂന്നെണ്ണത്തില്‍ ഹാമില്‍ട്ടനും ഒന്നില്‍ വെസ്തപ്പനുമായിരുന്നു.

Content Highlights: lewis hamilton and max verstappen head into the final formula one weekend level on points