മനാമ: എഫ്.വണ്‍ കാറോട്ട മത്സരങ്ങളില്‍ ഏഴുതവണ ലോകകിരീടം ചൂടിയ ഇതിഹാസ താരം ലൂയിസ് ഹാമില്‍ട്ടണ് കോവിഡ് സ്ഥിരീകരിച്ചു. മെഴ്‌സിഡസിന്റെ താരത്തിന്  ഈ വാരാന്ത്യം നടക്കുന്ന സാക്കിര്‍ ഗ്രാന്‍ഡ് പ്രിക്‌സ് മത്സരം നഷ്ടമാകും.

ബഹ്‌റൈന്‍ ഇന്റര്‍നാഷണല്‍ ഗ്രാന്‍ഡ്പ്രീയ്ക്കുശേഷമാണ് താരത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്. ഈ മത്സരത്തില്‍ ഹാമില്‍ട്ടണായിരുന്നു വിജയി.

നിലവില്‍ താരം ബഹ്‌റൈനില്‍ ഐസൊലേഷനിലാണ്. ചെറിയ രോഗലക്ഷണങ്ങള്‍ അദ്ദേഹം കാണിക്കുന്നുണ്ടെന്ന് മെഴ്‌സിഡസ് അധികൃതര്‍ വ്യക്തമാക്കി. 35 വയസ്സുകാരനായ ഹാമില്‍ട്ടണ്‍ നിലവില്‍ 332 പോയന്റുമായി മറ്റ് എതിരാളികളേക്കാള്‍ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള, സഹതാരം ബോട്ടാസിന് 201 പോയന്റുമാത്രമാണുള്ളത്. ഹാമില്‍ട്ടണ് പകരം അടുത്ത റേസില്‍ സ്റ്റോഫെല്‍ വാന്‍ഡോര്‍നെ മത്സരിക്കുമെന്ന് മെഴ്‌സിഡസ് വ്യക്തമാക്കി. 

എഫ്.വണ്ണില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ താരമാണ് ഹാമില്‍ട്ടണ്‍. സെര്‍ജിയോ പെരസ്, ലാന്‍സ് സ്‌ട്രോള്‍ എന്നിവര്‍ക്കാണ് ആദ്യം രോഗബാധയുണ്ടായത്. 

Content Highlights: Formula 1 world champion Lewis Hamilton tests positive for coronavirus