ഇന്‍ഡ്യാന: കാര്‍ റേസിങ്‌ എപ്പോഴും അപകടം പതിയിരിക്കുന്ന ഒരു കായിക ഇനമാണ്. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇത്തരത്തില്‍ റെയ്‌സിങ്ങിനിടയില്‍ സംഭവിക്കുന്ന അപകടങ്ങളുടെ വീഡിയോ നമ്മള്‍ ധാരാളം കാണാറുമുണ്ട്. എന്നാല്‍ ഇന്‍ഡി 500 റെയ്‌സിനിടെ സംഭവിച്ച അപകടത്തിന്റെ ഈ വീഡിയോ ശ്വാസമടക്കി പിടിച്ചേ ആര്‍ക്കും കാണാനാകൂ.

ഓട്ടോമൊബൈല്‍ റേസായ ഇന്‍ഡ്യാനപൊലിസ് 500നിടെ ജയ് ഹൊവാര്‍ഡിന്റെയും സ്‌കോട്ട് ഡിക്‌സണിന്റെയും കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്.  റേസിങ്ങിനിടെ മതിലില്‍ തട്ടി നിയന്ത്രണം വിട്ട ഹൊവാര്‍ഡിന്റെ കാറില്‍ ഡിക്‌സണിന്റെ കാര്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഡിക്‌സന്റെ കാര്‍ പറന്നുപൊങ്ങി താഴെ തകര്‍ന്നു വീണു. മൂക്കുംകുത്തി വീണ കാറിന്റെ പിന്‍ഭാഗം പൊട്ടിത്തെറിക്കുകയും ടയറുകള്‍ ഊരിത്തെറിക്കുകയും ചെയ്തു. പിന്‍ഭാഗത്തിന് തീ പിടിക്കുകയും ചെയ്തു.

എന്നാല്‍ അദ്ഭുതമെന്ന് പറയട്ടെ, ഇത്രയും സംഭവിച്ചിട്ടും സ്‌കോട്ട് ഡിക്‌സണ്‍ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. അപകടത്തിന് ശേഷം ഇരുഡ്രൈവര്‍മാരെയും മെഡിക്കല്‍ സംഘമെത്തി പരിശോധിച്ചെങ്കിലും പരിക്കൊന്നുമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് തന്റെ ട്വിറ്റര്‍ പേജില്‍ തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഡിക്‌സണ്‍ ട്വീറ്റ് ചെയ്യുകയും ചെയ്തു. ന്യൂസിലന്‍ഡില്‍ നിന്നുള്ള ഡ്രൈവറായ ഡിക്‌സണ്‍ 2008ല്‍ ഇന്‍ഡി 500ല്‍ ചാമ്പ്യനായിരുന്നു. 

സ്‌കോട്ട് ഡിക്‌സന്റെ ട്വീറ്റ്‌

 അപകടത്തിന് ശേഷം ജെയ് ഹൊവാര്‍ഡ് സംസാരിക്കുന്നു