ഫോര്‍മുല വണ്‍ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മക്ലാരന്റെ ഡാനിയേല്‍ റിക്കിയാര്‍ഡോയ്ക്ക് കിരീടം. ലോകചാമ്പ്യന്‍ ലൂയി ഹാമില്‍ട്ടണും നിലവിലെ ഒന്നാം സ്ഥാനക്കാരനായ മാക്‌സ് വെസ്തപ്പനും മത്സരം പൂര്‍ത്തീകരിച്ചില്ല. 

മത്സരത്തില്‍ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മക്ലാരനാണ് സ്വന്തമാക്കിയത്. മക്ലാരന്റെ ലാന്‍ഡോ നോറിസ് രണ്ടാം സ്ഥാനം സ്വന്തമാക്കി. വാള്‍ട്ടേരി ബോത്താസാണ് മൂന്നാമത്. 2012-ലെ ബ്രസീലിയന്‍ ഗ്രാന്‍ഡ്പ്രീയ്ക്ക് ശേഷം ഇതാദ്യമായാണ് മക്ലാരന്‍ ഒരു ഗ്രാന്‍ഡ്പ്രിക്‌സില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ സ്വന്തമാക്കുന്നത്. 

ലോകചാമ്പ്യനായ മെഴ്‌സിഡസിന്റെ ഹാമില്‍ട്ടണും നിലവിലെ ഒന്നാം സ്ഥാനക്കാരനമായ റെഡ്ബുള്ളിന്റെ വെസ്തപ്പനും കാര്‍ കൂട്ടിയിടിച്ചതിനേത്തുടര്‍ന്നാണ് മത്സരത്തില്‍ നിന്നും പുറത്തായത്. ഹാമില്‍ട്ടണെ മറികടക്കാനുള്ള ശ്രമത്തില്‍ വെസ്തപ്പന്റെ കാറിന്റെ ടയര്‍ ഊരിത്തെറിച്ചു. ഇത് നേരെ പതിച്ചത് ഹാമില്‍ട്ടന്റെ കാറിലാണ്. ഇതോടെ രണ്ട് താരങ്ങളും നിയന്ത്രണം വിട്ട് ട്രാക്കിന് പുറത്തേക്ക് പോയി. ഭാഗ്യം കൊണ്ടാണ് ഹാമില്‍ട്ടണ്‍ ലക്ഷപ്പെട്ടത്.

2018-ല്‍ മൊണാക്കോ ഗ്രാന്‍ഡ്പ്രി നേടിയ ശേഷം ഇതാദ്യമായാണ് റിക്കിയാര്‍ഡോ ഫോര്‍മുല വണ്ണില്‍ കിരീടം നേടുന്നത്. 

മത്സരം പൂര്‍ത്തീകരിച്ചില്ലെങ്കിലും നിലവില്‍ വെസ്തപ്പനാണ് സീസണില്‍ ഒന്നാമത്. ഹാമില്‍ട്ടണ്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Content Highlights: Daniel Ricciardo wins F1 Italian GP as Lewis Hamilton, Max Verstappen crash out