സാഖിര്‍ (ബഹ്റൈന്‍): ഞായറാഴ്ച നടന്ന ബഹ്റൈന്‍ ഗ്രാന്‍പ്രീക്കിടെ അപകടത്തില്‍പ്പെട്ട് തീപിടിച്ച കാറില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഡ്രൈവര്‍.

മത്സരത്തിനിടെ ഹാസ് ഫെരാരിയുടെ ഡ്രൈവര്‍ റൊമന്‍ റോഷാനിന്റെ കാറാണ് അപകടത്തില്‍പ്പെട്ട് കത്തിയത്. തീയില്‍പ്പെട്ട് നിമിഷങ്ങള്‍ക്കകം കാര്‍ പൂര്‍ണമായും കത്തിയെങ്കിലും ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

മത്സരത്തിന്റെ ഓപ്പണിങ് ലാപ്പില്‍ തന്നെയായിരുന്നു അപകടം. ഓട്ടത്തിനിടെ ട്രാക്കില്‍നിന്ന് തെറ്റി കാര്‍ ബാരിയറില്‍ ഇടിച്ച് രണ്ടായി ചിതറി. കണ്ണടച്ചുതുറക്കുംമുമ്പ് കാറിനെ തീ വിഴുങ്ങി. അപകടത്തില്‍ കാറിന്റെ ഇന്ധന ടാങ്ക് തകര്‍ന്നിരുന്നു. ഇതാണ് തീപിടിക്കാന്‍ ഇടയാക്കിയത്.

ഉടന്‍ കാറിനുപുറത്തിറങ്ങി ബാരിയറിന് മുകളിലൂടെ ചാടിയതിനാല്‍ റൊമന്‍ റോഷാനിന്റെ ജീവന്‍ രക്ഷപ്പെട്ടു. സ്വിറ്റ്സര്‍ലന്‍ഡുകാരനായ ഡ്രൈവര്‍ക്ക് ഉടന്‍ വൈദ്യസഹായം നല്‍കി. താരത്തിന്റെ നില അശങ്കാജനകമല്ലെന്നും ചെറിയ പൊള്ളല്‍ മാത്രമാണ് ഉള്ളതെന്നുമാണ് റിപ്പോര്‍ട്ട്. ഫോര്‍മുല വണ്ണില്‍ അടുത്തിടെ അവതരിപ്പിച്ച ആധുനിക സുരക്ഷാസംവിധാനങ്ങളാണ് ജീവന്‍ രക്ഷിച്ചത്. മത്സരത്തില്‍ ലൂയി ഹാമില്‍ട്ടണ്‍ ജേതാവായി.

Content Highlights: Accident in Bahrain GP Car Crashes Into Barrier Bursts Into Flames