ലണ്ടൻ: ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങളെല്ലാം ഇപ്പോൾ പഴയ ട്വീറ്റുകളുടെ പേരിൽ പുലിവാല് പിടിച്ചിരിക്കുകയാണ്. വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകളുടെ പേരിൽ പേസ് ബൗളർ ഒല്ലി റോബിൻസണെ അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സസ്പന്റ് ചെയ്തിരുന്നു. ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ട്വീറ്റുകളുടെ പേരിൽ ഓയിൻ മോർഗനും ജോസ് ബട്ലർക്കുമെതിരേ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ഇതിന് പിന്നാലെ വിവാദം ഭയന്ന് വെറ്ററൻ താരം ജെയിംസ് ആൻഡേഴ്സൺ തന്റെ പഴയ ട്വീറ്റുകൾ ഡിലീറ്റ് ചെയ്തു.

2010-ലെ ആൻഡേഴ്സൺന്റെ ഒരു ട്വീറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇംഗ്ലീഷ് ടീമിൽ സഹതാരമായ സ്റ്റുവർട്ട് ബ്രോഡിനെ ലെസ്ബിയൻ എന്നു വിളിക്കുന്നതായിരുന്നു ആ ട്വീറ്റ്. ബ്രോഡിന്റെ പുതിയ ഹെയർ സ്റ്റൈലിനെ പരിഹസിച്ച് '15 വയസ്സുള്ള ലെസ്ബിയനെപ്പോലുണ്ട്' എന്നാണ് ആൻഡേഴ്സൺ ട്വീറ്റ് ചെയ്തത്.

ഈ ട്വീറ്റ് ഡിലീറ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ച ആൻഡേഴ്സൺ താനിപ്പോൾ പഴയ മനുഷ്യനല്ലെന്നും ഇങ്ങനെയുള്ള കമന്റ് പറയുന്നതിലെ പ്രശ്നം മനസ്സിലാകുന്ന വ്യക്തിയാണെന്നും വ്യക്തമാക്കി. ഇത്തരം കാര്യങ്ങളിൽ കളിക്കാർക്ക് ബോധവൽക്കരണം അത്യാവശ്യമാണെന്നും ആൻഡേഴ്സൺ പറയുന്നു.