മുംബൈ: 'ഹാപ്പി ബര്‍ത്ത് ഡേ ഇന്‍ അഡ്വാന്‍സ്... ഗ്രീറ്റിങ്സ് ഫ്രം മാതൃഭൂമി...' -ജന്മദിനാശംസകള്‍ നേര്‍ന്ന് ടീം 'മാതൃഭൂമി'യുടെ മംഗളപത്രം നല്‍കിയപ്പോള്‍ യൊഹാന്‍ ബ്ലേക്ക് അദ്ഭുതത്തോടെ നോക്കി... 'ഇതെന്താ ഇത്രനേരത്തേ ഇങ്ങനെയൊരു ആശംസ' എന്ന ചോദ്യം ആ മുഖത്ത് തെളിഞ്ഞപ്പോള്‍ ഉത്തരവും പിന്നാലെ നല്‍കി. ''താങ്കള്‍ ലോകത്തിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരിലൊരാളാണ്. ഇന്ത്യയിലേക്ക് ഇതാദ്യമായാണ് വരുന്നത്. ക്രിസ്മസിന്റെ പിറ്റേന്നാണ് ജന്മദിനമെങ്കിലും അന്നു കാണാന്‍ സാധ്യതയില്ലാത്തതിനാലാണ് ഇപ്പോള്‍ തന്നെ ആശംസകള്‍ നേര്‍ന്നത്...''

മാതൃഭൂമിയെ പരിചയപ്പെടുത്താന്‍ കൈയിലുണ്ടായിരുന്ന സ്‌പോര്‍ട്സ് മാസിക നല്‍കിയപ്പോള്‍ ബ്ലേക്കിന്റെ മുഖത്ത് വീണ്ടും കൗതുകം... ''ഇത് എനിക്ക് വായിക്കാനറിയില്ല. എന്നാല്‍, നെയ്മറുടെ ചിത്രം ഇതിലുണ്ടല്ലോ...'' മാഗസിന്‍ ഒന്നു മറിച്ചുനോക്കി ബ്ലേക്ക് അത് മാനേജരുടെ കൈയിലേക്ക് നല്‍കി. റോഡ് സേഫ്റ്റി ലോക ക്രിക്കറ്റ് സീരീസിന്റെ ജേഴ്സി ലോഞ്ചിങ്ങിനായി ഇന്ത്യയിലെത്തിയ യൊഹാന്‍ ബ്ലേക്ക് പങ്കുവെച്ച വിശേഷങ്ങളിലൂടെ...

ബോള്‍ട്ട് ഇല്ലാതാകുമ്പോള്‍

ഉസൈന്‍ ബോള്‍ട്ട് ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യനാണ്. അദ്ദേഹത്തിനൊപ്പം മത്സരിക്കുമ്പോള്‍ കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ ഞാന്‍ എന്നും ശ്രമിച്ചിട്ടുണ്ട്. ബോള്‍ട്ടിനൊപ്പം അസഫ പവലും ജസ്റ്റിന്‍ ഗാറ്റ്ലിനുമൊക്കെ ഇറങ്ങുന്ന ട്രാക്കിലൂടെ കുതിക്കുമ്പോള്‍ നമ്മുടെ കാലുകളിലേക്ക് വല്ലാത്തൊരു ഊര്‍ജം വന്നുചേരും. അടുത്ത ഒളിമ്പിക്‌സിന് ബോള്‍ട്ട് ഇല്ലാത്തത് വലിയ നഷ്ടമാണ്.

തണുപ്പായിരുന്നു വില്ലന്‍

നാട്ടുകാരനും കൂട്ടുകാരനുമായ ബോള്‍ട്ടിന്റെ വിടവാങ്ങല്‍ മത്സരം ഇന്നും വലിയൊരു വേദനയാണ്. ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന്റെ 4X100 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടി അദ്ദേഹത്തെ യാത്രയയക്കാന്‍ ഞങ്ങളെല്ലാം ആഗ്രഹിച്ചതാണ്. പക്ഷേ, അവസാന ലാപ്പില്‍ ട്രാക്കില്‍ അല്‍പദൂരം ഓടിയപ്പോഴേക്കും ബോള്‍ട്ട് വീണുപോയി. ഞാനും മറ്റുള്ളവരും ഓടിയെത്തിയാണ് അദ്ദേഹത്തെ താങ്ങിയെടുത്തത്. മത്സരത്തിനായി എയര്‍ക്കണ്ടീഷന്‍ ചെയ്ത മുറിയില്‍ ഒരു മണിക്കൂറോളമാണ് ഞങ്ങള്‍ക്കു കാത്തിരിക്കേണ്ടിവന്നത്. ഏറെ വാം അപ്പ് ചെയ്‌തെങ്കിലും തണുപ്പ് അദ്ദേഹത്തെ ബാധിച്ചതാണ് ഓട്ടത്തിനിടയില്‍ പ്രശ്‌നമായത്.

സച്ചിനെ ഇഷ്ടമാണ്... ക്രിക്കറ്റും

സച്ചിന്‍ തെണ്ടുല്‍ക്കര്‍ എനിക്ക് ഇഷ്ടമുള്ള കളിക്കാരനാണ്. അദ്ദേഹത്തെ ഇഷ്ടപ്പെടാതിരിക്കാന്‍ ഞാന്‍ ബൗളറൊന്നുമല്ലല്ലോ. സച്ചിന്റെ കൈയില്‍നിന്ന് ഞാന്‍ ഓട്ടോഗ്രാഫ് വാങ്ങിയിട്ടുണ്ട്. റോഡ് സേഫ്റ്റി സീരീസ് ക്രിക്കറ്റില്‍ സച്ചിനെതിരേ കളിക്കണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, ഒളിമ്പിക്‌സ് അടുത്തുവരുന്നതിനാല്‍ അക്കാര്യത്തില്‍ ഉറപ്പില്ല. എങ്കിലും സാധിച്ചാല്‍ കളിക്കും.

സ്വപ്നമാണ് ഒളിമ്പിക്‌സ്

ടോക്യോ ഒളിമ്പിക്‌സിലെ സ്വര്‍ണം വലിയൊരു സ്വപ്നമാണ്. ഇതെന്റെ മൂന്നാമത്തെ ഒളിമ്പിക്‌സാണ്, അവസാനത്തേതും. അതില്‍ സ്വര്‍ണത്തോടെ മടങ്ങാന്‍ ആഗ്രഹമുണ്ട്. നാലു വര്‍ഷത്തെ കാത്തിരിപ്പിന്റെയും അധ്വാനത്തിന്റെയും ഫലമാകും ഒളിമ്പിക്‌സ്. ഏപ്രിലില്‍ സീസണ്‍ തുടങ്ങുകയാണ്. ഡയമണ്ട് ലീഗ് ഉള്‍പ്പെടെയുള്ള വേദികള്‍ ഒളിമ്പിക്‌സിനുള്ള ഒരുക്കമാകുമെന്നാണ് കരുതുന്നത്.

Yohan Blake Interview Usian Bolt Tokyo Olympics 2020