കോഴിക്കോട്: ഐ.പി.എല്ലിനു ശേഷം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മലയാളികള്‍ ഏറെ സന്തോഷത്തിലാണ്. സഞ്ജു സാംസണ്‍ എന്ന നമ്മുടെ സ്വന്തം പയ്യന്‍ ഓസീസിനെതിരെയുള്ള ട്വന്റി 20 ടീമില്‍ ഇടംപിടിച്ചതു തന്നെ കാരണം.

എന്നാല്‍ ഈ ആഹ്ലാദാരവങ്ങളില്‍ ആരും അങ്ങനെ ശ്രദ്ധിക്കാതിരുന്ന ഒരു കുടുംബമുണ്ട് തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ ക്വാര്‍ട്ടേഴ്‌സില്‍. കഴിഞ്ഞ ദിവസം ബി.സി.സി.ഐയുടെ പ്രഖ്യാപനം വന്നതോടെ അവരും ഏറെ ആഹ്ലാദത്തിലായിരുന്നു. സ്വന്തം മകന്റെ ഏറെ നാളത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷമായിരുന്നു അവിടം നിറയെ. ആ മകന്റെ പേര് വരുണ്‍ ചക്രവര്‍ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നിരയിലെ നിഗൂഢ സ്പിന്നര്‍. ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലെ പുതുമുഖം. തിരുവനന്തപുരത്തെ ബി.എസ്.എന്‍.എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് ചക്രവര്‍ത്തിയുടെയും ഹേമമാലിനിയുടെയും മകന്‍. വരുണിന്റെ നേട്ടത്തെ കുറിച്ച് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് വരുണിന്റെ പിതാവ് വിനോദ് ചക്രവര്‍ത്തി.

വാര്‍ത്തയറിഞ്ഞപ്പോള്‍ ഏറെ സന്തോഷമായെന്നും ഇത് തീരേ പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്വന്തം മകന്റെ ഏറെ നാളത്തെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ആ കുടുംബം.

We are happy that his dream is going to come true says Varun s father

''അവന്റെ സ്വപ്‌നം യാഥാര്‍ഥ്യമാകാന്‍ പോകുന്നതില്‍ ഏറെ സന്തോഷം. രാജ്യത്തിനായി സേവനം ചെയ്യാന്‍ അവന് ഒരു അവസരം ലഭിച്ചിരിക്കുന്നു അത് അവന്‍ നന്നായി ചെയ്യട്ടേ. ടീമില്‍ നന്നായി കളിക്കണം എന്ന ആഗ്രഹമേ ഒള്ളൂ. ഇത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവനും ഹാപ്പിയാണ്. വാതുവെയ്പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്നും അവന് ഫോണ്‍ വിളിക്കാനൊക്കെ നിയന്ത്രണങ്ങള്‍ ഉണ്ട്. വാട്ട്‌സ്ആപ്പ് വഴിയാണ് കാര്യങ്ങളെല്ലാം അറിയുന്നത്. അവിടെ പ്രത്യേകിച്ചും പുതിയ താരങ്ങള്‍ക്ക് ബി.സി.സി.ഐയുടെ പ്രത്യേക നിര്‍ദേശങ്ങളുണ്ട്.'' - വരുണിന്റെ പിതാവ് പറഞ്ഞു.

കേരളത്തില്‍ വേരുകളുള്ള കുടുംബമാണ് വരുണിന്റേത്. അച്ഛന്‍ വിനോദ് ചക്രവര്‍ത്തിയുടെ അമ്മ മലയാളിയാണ്. സ്വദേശം മാവേലിക്കര. കിളിമാനൂരുള്ള മുത്തശ്ശിയുടെ ചേച്ചിയുടെ വീട്ടില്‍ വരുണ്‍ പലപ്പോഴും വന്നിട്ടുമുണ്ട്.

വരുണിന്റെ മുന്നോട്ടുള്ള വഴികളില്‍ പൂര്‍ണ പിന്തുണയുമായി ഉണ്ടായിരുന്നത് കുടുംബം തന്നെയാണ്. ''നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് ഒരു നല്ല വഴി കാണിച്ച് പിന്നെ അവരെ വിശ്വസിച്ച് അങ്ങ് വിട്ടേക്കുക. അതാണ് ഞാന്‍ ചെയ്തത്. എന്റെ മകന്‍ നേരായ വഴിയിലൂടെ മാത്രമേ പോകൂ എന്ന് എനിക്ക് വിശ്വാസമുണ്ടായിരുന്നു.''-വരുണിന്റെ അച്ഛന്റെ വാക്കുകളാണിത്.

ഇടയ്ക്ക് അഞ്ചു വര്‍ഷത്തോളം ക്രിക്കറ്റില്‍ ശ്രദ്ധിക്കാത്ത ഒരു കാലമുണ്ടായിരുന്നു വരുണിന്. 2010 മുതൽ 2015 വരെയുള്ള കാലഘട്ടം. സ്‌കൂള്‍ ക്രിക്കറ്റിലടക്കം തിളങ്ങിയിട്ടും വിവിധ പ്രായഗ്രൂപ്പുകളിലുള്ള ടീമുകളിലേക്ക് സെലക്ഷന്‍ ലഭിക്കാതിരുന്നതോടെയാണ് വരുണ്‍ ക്രിക്കറ്റ് വിട്ട് ആര്‍ക്കിട്ടെക്ചര്‍ എന്‍ജിനീയറിങ് പഠിക്കാന്‍ ചേര്‍ന്നു. തുടര്‍ന്ന് കോഴ്‌സ് കഴിഞ്ഞ് രണ്ടു വര്‍ഷത്തോളം ജോലിയും.

ഒടുവില്‍ അതൊന്നും തനിക്ക് യാതൊരു സംതൃപ്തിയും നല്‍കുന്നില്ലെന്നു കണ്ട വരുണ്‍ തിരിച്ച് ക്രിക്കറ്റിലേക്കു തന്നെ ശ്രദ്ധിതിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് ജീവിതത്തില്‍ താനൊരു റിസ്‌ക് എടുക്കാന്‍ പോകുകയാണെന്നും പിന്തുണയ്ക്കുമോ എന്നും ചോദിച്ച വരുണിനോട് നീ നിനക്ക് ശരിയെന്ന് തോന്നുന്നത് എന്താണെന്നു വെച്ചാല്‍ ചെയ്‌തോളൂ താന്‍ ഒപ്പമുണ്ടാകും എന്ന് പറഞ്ഞത് അച്ഛനായിരുന്നു.

അനില്‍ കുംബ്ലെ, ഷെയ്ന്‍ വോണ്‍, സുനില്‍ നരെയ്ന്‍ തുടങ്ങിയവരുടെയെല്ലാം ബൗളിങ് വീഡിയോള്‍ വീണ്ടും വീണ്ടും കാണുകയും അത് പരിശീലിക്കുകയും ചെയ്തിരുന്ന വരുണിനെ വിനോദ് ചക്രവര്‍ത്തിക്ക് ഓര്‍മയുണ്ട്. അതുപോലെ തന്നെ ടെന്നീസ് ബോള്‍ വെച്ച് വീടിനകത്തുള്ള പരിശീലനങ്ങളും. വരുണിന്റെ പന്തിലെ വേരിയേഷനുകളെല്ലാം ഇത്തരത്തില്‍ അവന്‍ സ്വായത്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: We are happy that his dream is going to come true  says Varun s father