ജനുവരി അഞ്ചു മുതല്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കമാകുകയാണ്. ഇന്ത്യന്‍ മണ്ണിലെ ആധിപത്യം വിദേശപിച്ചിലും തുടരാന്‍ കോലിക്കും സംഘത്തിനും കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആര്‍ക്കായിരിക്കും വിജയസാധ്യതയെന്നും പരമ്പര എത്രത്തോളം ആവേശമുള്ളതാകുമെന്നും ദക്ഷിണാഫ്രിക്കയുടെ മുന്‍താരം ജാക്ക് കാലിസ് വിലയിരുത്തുന്നു

ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിക്കറ്റുകള്‍ എന്ന നേട്ടം ഷോണ്‍ പൊള്ളോക്കിനെ മറികടന്ന് സ്‌റ്റെയ്ന്‍ സ്വന്തമാക്കുമോ?

ബൗളിങ്ങില്‍ ലോകോത്തര താരമാണ് സ്‌റ്റെയ്ന്‍. അങ്ങനെയൊരു റെക്കോഡ് സ്‌റ്റെയ്ന്‍ അര്‍ഹിക്കുന്നതു തന്നെയാണ്. തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ കരിയറിലെ നിര്‍ണായകമായ നേട്ടമായിരിക്കും.

ഒരിടവേളക്ക് ശേഷം സ്‌റ്റെയ്‌ന്റെ ഈ തിരിച്ചുവരവ് ഇന്ത്യക്ക് ഭീഷണി തന്നെയല്ലേ?

അത് വിക്കറ്റിനെയും പിച്ചിനെയും ആശ്രയിച്ചായിരിക്കും. ഞാനാണെങ്കില്‍ ഒരു സ്പിന്നറെ ഫൈനല്‍ ഇലവനില്‍ ഉള്‍പ്പെടുത്തും. കഴിഞ്ഞ ദിവസങ്ങളില്‍ സ്പിന്നര്‍മാറുടെ റോള്‍ എന്താണെന്ന് വ്യക്തമായതാണ്. സാഹചര്യത്തിന് അനുസരിച്ച് മാത്രമായിരിക്കണം ടീം പ്രഖ്യാപിക്കേണ്ടത്.

ദക്ഷിണാഫ്രിക്കയുടെ ഏറ്റവും മികച്ച ബൗളിങ് ലൈനപ്പാണോ ഇപ്പോഴുള്ളത്?

അങ്ങനെ പറയാന്‍ സാധിക്കില്ല. പക്ഷേ മികച്ച ബൗളിങ് നിര തന്നെയുണ്ട്. ഇന്ത്യയിലെ സാഹചര്യത്തേക്കാള്‍ ദക്ഷിണാഫ്രിക്കയില്‍ പേസ് ബൗളര്‍മാര്‍ക്ക് സാധ്യത കൂടുതലാണെന്ന് തോന്നുന്നു. ബൗളിങ് ആക്രമണം എങ്ങനെയായിരിക്കും എന്നറിയാന്‍ ആഗ്രഹമുണ്ട്. ഇതൊരു ആവേശകരമായ പരമ്പര തന്നെയാകും.

മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ഈ സാഹചര്യത്തില്‍ എങ്ങനെയാകും കളിക്കുക?

അവര്‍ക്ക് സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങാന്‍ കഴിയണം. ഇവിടുത്തെ പിച്ചില്‍ കളിച്ചുപരിചമല്ല എന്നതു ശരി തന്നെയാണ്. ഈ പിച്ചുകളില്‍ ഏത് ലെങ്തില്‍ പന്തെറിയണമെന്ന് അവര്‍ പഠിക്കണം. അതിനെല്ലാം അനുസരിച്ചായിരിക്കും വിക്കറ്റ്.

ആദ്യ ഐ.പി.എല്‍ സീസണില്‍ ആര്‍.സി.ബിയില്‍ കോലിയോടൊപ്പം താങ്കള്‍ കളിച്ചിട്ടുണ്ടോ? അതിനുശേഷം കോലി എത്രത്തോളം മാറി എന്നാണ് കരുതുന്നത്?

അവനൊരു ലോകോത്തര താരമായി വളര്‍ന്നിരിക്കുന്നു. എല്ലാ ഫലങ്ങളും അതാണ് കാണിക്കുന്നത്. ആര്‍.സി.ബിയില്‍ കളിക്കുമ്പോള്‍ തന്നെ കോലിയുടെ മികവ് ഞാന്‍ കണ്ടതാണ്. അന്ന് തന്നെ എനിക്കറിയാമായിരുന്നു അവന്‍ ഒരു ലോകോത്തര താരമായി വളരുമെന്ന്. ക്രിക്കറ്റെന്ന തീവ്രമായ ആഗ്രഹം മനസ്സിലുള്ളിടത്തോളം കാലം കോലിക്ക് ഒരുപാട് റെക്കോഡുകള്‍ തകര്‍ക്കാന്‍ കഴിയും.

താങ്കളെപ്പോലെയും പൊള്ളോക്കിനെപ്പോലെയും ക്ലൂസ്‌നറെപ്പോലെയുമുള്ള ഓള്‍റൗണ്ടര്‍മാര്‍ ഇപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഇല്ലാത്തതെന്തുകൊണ്ടാണ്?

ഇത് ഉത്തരം പറയാന്‍ പ്രയാസമുള്ള ചോദ്യമാണ്.പുതിയ ഓള്‍റൗണ്ടര്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ചിലര്‍ അതിന് ശ്രമിക്കുന്നുമുണ്ട്. ഓള്‍റൗണ്ടറുടെ കുറവ് നികത്താന്‍ ഒരാള്‍ വരുമെന്ന് പ്രതീക്ഷിക്കാം.

(കടപ്പാട്: ഹിന്ദുസ്ഥാന്‍ ടൈംസ്)