ന്ത്യൻ സൂപ്പർ ലീഗ് അഞ്ചാം സീസണിൽ ജംഷേദ്പുർ എഫ്.സി.യുടെ പ്രതീക്ഷകൾ ടിം കാഹിലിന്റെ ബൂട്ടിലാണ്. മൂന്ന് വ്യത്യസ്ത ലോക കപ്പുകളിൽ ഓസ്‌ട്രേലിയയ്ക്കായി സ്‌കോർ ചെയ്ത ഏകതാരം. ഇംഗ്ലീഷ് ക്ലബ്ബ് എവർട്ടണിന്റെയും മിൽവാളിന്റെയും ഇതിഹാസ പട്ടികയിൽ ഇടമുള്ള താരം. തന്റെ പ്രതീക്ഷകളും അനുഭവങ്ങളും മാതൃഭൂമിയോടു പങ്കുവെക്കുന്നു...

ജംഷേദ്പുര്‍ എഫ്.സി.യെ തിരഞ്ഞെടുക്കാന്‍ കാരണം?

ഇന്ത്യയില്‍ കളിക്കാന്‍ അവസരം കിട്ടുക എന്നത് വലിയ ഭാഗ്യങ്ങളിലൊന്നാണ്. പ്രത്യേകിച്ചും ഈ ക്ലബ്ബില്‍, ഐ.എസ്.എല്ലില്‍ രണ്ടാമത്തെ സീസണ്‍ മാത്രമാണെങ്കിലും ടാറ്റയ്ക്ക് ഇന്ത്യന്‍ ഫുട്ബോളില്‍ മികച്ച പാരമ്പര്യം അവകാശപ്പെടാനുണ്ട്. ക്ലബ്ബുമായി വളരെ നല്ല ബന്ധമാണുള്ളത്. ഇവിടെ ഒരു കളിക്കാരനുവേണ്ട എല്ലാ സൗകര്യവുമുണ്ട്. മികച്ച പരിശീലന സൗകര്യങ്ങള്‍, മാനേജ്മെന്റ്, ഗ്രൗണ്ടുകള്‍. 

ഐ.എസ്.എല്‍. ഇന്ത്യന്‍ ഫുട്ബോളിനെ സഹായിക്കുമോ?

തീര്‍ച്ചയായും. ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും താരങ്ങളെ വളര്‍ത്താന്‍ ഐ.എസ്.എല്ലിനാവും. താരങ്ങള്‍ക്ക് അവരുടെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള വേദി കൂടിയാണിത്. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് ഈ ലീഗിന്റെ എല്ലാ ഗുണവും ലഭിക്കുന്നത്. ഗ്രൗണ്ടിലും പുറത്തും അവര്‍ക്ക് മികച്ച അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ സമയം കിട്ടുന്നു. 

ഇന്ത്യന്‍ താരങ്ങളെ ഏങ്ങനെ വിലയിരുത്തുന്നു?

ഇന്ത്യന്‍ താരങ്ങള്‍ ഓരോ ദിവസവും അവരുടെ കഴിവുകള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ ടീമിന്റെ പരിശീലകനും ടീമിനെ നന്നായി സഹായിക്കുന്നുണ്ട്. ചൈനയ്‌ക്കെതിരായ മത്സരം നോക്കൂ, ഇന്ത്യന്‍ താരങ്ങള്‍ മനോഹരമായി ചൈനയെ പിടിച്ചുനിര്‍ത്തിയില്ലേ. ഇവിടെ ഒരുപാട് മികച്ച താരങ്ങളുണ്ട്. ഏതായാലും ഐ.എസ്.എല്ലിന്റെ ഫലം അടുത്ത ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അറിയാനാവും.

എങ്ങനെയുണ്ട് ജംഷേദ്പുര്‍ എഫ്.സി.?

ഓരോ മത്സരത്തിലും കൂടുതല്‍ മെച്ചപ്പെടാനാണ് ശ്രമിക്കുന്നത്. ഈ ടീമില്‍ ഇന്ത്യക്കാര്‍, വിദേശികള്‍ എന്ന വ്യത്യാസമില്ല. അതുപോലെ താരങ്ങളെന്നോ മാനേജ്മെന്റ് എന്നോ വ്യത്യാസവും ഇല്ല. എല്ലാവരും ഒറ്റക്കെട്ടാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ മാനിക്കും. എല്ലാ താരങ്ങളും തുല്യരാണ്. 25 താരങ്ങളില്‍ ആര് സ്‌കോര്‍ ചെയ്താലും ഞങ്ങള്‍ ആഘോഷിക്കും. ഈയൊരു ഐക്യം ഞങ്ങളുടെ മത്സരത്തിലും കാണാം.

കേരള ബ്ലാസ്റ്റേഴ്സിനെക്കുറിച്ച്?

ബ്ലാസ്റ്റേഴ്സിനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം അവരുടെ ആരാധകരെയാണ് ഓര്‍മവരുക. ഇന്ത്യയിലെ ഒരു ഫുട്ബോള്‍ ടീമിന് ഇത്തരത്തില്‍ പിന്തുണ കിട്ടുന്നത് അത്ഭുതംതന്നെ. ജംഷേദ്പുരില്‍ ഞങ്ങള്‍ക്കും നല്ല പിന്തുണ കിട്ടുന്നുണ്ട്. ഇവിടെ ഓരോ മത്സരത്തിലും ഇരുപതിനായിരത്തിനു മുകളില്‍ ആരാധകര്‍ വരുന്നു. അവര്‍ക്കുമുന്നില്‍ കളിക്കുന്നത് മികച്ച അനുഭവമാണ്. അപ്പോള്‍ കൊച്ചിയിലെ മഞ്ഞപ്പടയ്ക്കു മുന്നില്‍ കളിക്കുക എന്നത് രോമാഞ്ചംകൊള്ളിക്കും. കൊച്ചിയില്‍ കളിക്കാന്‍ കാത്തിരിക്കുകയാണ്. ടീമിലേക്കു വരുകയാണെങ്കില്‍, ഡേവിഡ് ജെയിംസ് അവിടെ മികച്ച ടീമിനെ പടുത്തുയര്‍ത്തുന്നുണ്ട്.

നിങ്ങളുടെ ഷാഡോ ബോക്‌സിങ് (ഗോളടിച്ചാല്‍ കോര്‍ണര്‍ ഫ്‌ളാഗില്‍ പോയി പഞ്ച് ചെയ്യുക) ആഘോഷം എപ്പോള്‍ കാണാനാവും?

ഉടനെയുണ്ടാവും, രണ്ട് മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ ഇറങ്ങിയെങ്കിലും ഗോളടിക്കാന്‍ പറ്റിയില്ല. അങ്ങനെയൊരു ആഘോഷം ഉടനെ കാണാം, ചിലപ്പോള്‍ ബ്ലാസ്റ്റേഴ്സിനെതിരേ (അല്പം തമാശ കലര്‍ന്ന ചിരിയോടെ).

Content Highlights: tim cahill about kerala blasters and isl