ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് ദൈവമായി സച്ചിന്‍ തെണ്ടുല്‍ക്കറുണ്ടെങ്കില്‍ മലയാളി ക്രിക്കറ്റ് ആരാധകരുടെ കുഞ്ഞുദൈവം സച്ചിന്‍ ബേബിയാണ്. കേരളത്തെ ആദ്യമായി രഞ്ജി ട്രോഫിയുടെ സെമിയിലെത്തിച്ച ക്യാപ്റ്റന്‍ എന്ന നേട്ടം ഇനി സച്ചിന്‍ ബേബിക്ക് സ്വന്തം. 

മുന്‍ചാമ്പ്യന്‍മാരായ ഗുജറാത്തിനെ തോല്‍പ്പിച്ച് ക്യാപ്റ്റന്‍സി 'കുട്ടിക്കളിയല്ല' എന്ന് സച്ചിന്‍ ബേബി തെളിയിച്ചിരിക്കുന്നു. അതു മാത്രമല്ല, ടീമിനുള്ളില്‍ നിന്ന് തന്നെ തനിക്കെതിരേയുണ്ടായ പടയൊരുക്കങ്ങള്‍ക്കെല്ലാം സച്ചിന്‍ നല്‍കിയ മറുപടി കൂടിയാണ് ഈ വിജയം. ചരിത്ര വിജയത്തിന് ശേഷം കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നിന്ന് സച്ചിന്‍ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.

പാര്‍ഥിവിനെ പുറത്താക്കിയ റണ്‍ഔട്ട്

കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായ റണ്‍ഔട്ട് എന്റെ ത്രോയില്‍ നിന്നായതില്‍ ദൈവത്തിന് നന്ദി പറയുന്നു. 'മിറാക്കിള്‍' എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല. അതൊരു ഭാഗ്യം തന്നെയായിരുന്നു. വളരെ നിര്‍ണായകമായിരുന്നു ആ വിക്കറ്റ്. പാര്‍ഥിവ് ആദ്യ ഇന്നിങ്‌സില്‍ കളിച്ചത് നമ്മള്‍ കണ്ടതാണ്. അതുപോലെ രണ്ടാം ഇന്നിങ്‌സിലും ആവര്‍ത്തിച്ചിരുന്നെങ്കില്‍ നമുക്ക് കാര്യങ്ങള്‍ കടുപ്പമായേനേ.  

ടോസ് ഗുജറാത്തിന് കിട്ടിയപ്പോള്‍

കളി തുടങ്ങും മുമ്പെ ടോസിനെക്കുറിച്ച് ചര്‍ച്ചയുണ്ടായിരുന്നു. ടോസ് നിര്‍ണായകമാവുമെന്നായിരുന്നു എല്ലാവരും വിലയിരുത്തയിത്. ടോസ് ഗുജറാത്തിന് ലഭിച്ചപ്പോള്‍ എനിക്ക് നിരാശയൊന്നും തോന്നിയില്ല. എന്തു സംഭവിച്ചാലും അതിനെയെല്ലാം പോസിറ്റീവ് ആയി കാണാനാണ് താത്പര്യം. സംഭവിക്കുന്നതെല്ലാം നല്ലതിനാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. ആ വിശ്വാസം തെറ്റിയില്ല. ടോസ് അവര്‍ക്ക് ലഭിച്ചിട്ടും ഒന്നാമിന്നിങ്‌സില്‍ നമ്മള്‍ 23 റണ്‍സ് ലീഡ് നേടിയില്ലേ. അതിലാണ് കാര്യം. 

Read More: 'അന്ന് സഞ്ജു അടക്കമുള്ളവര്‍ ബലിയാടാവുകയായിരുന്നു, ഈ വിജയം ഒത്തൊരുമയുടേത്'

സഞ്ജുവിന്റെ പരിക്കും എട്ടു റണ്‍സും

 

ഈ പിച്ചില്‍ ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. നമ്മുടെ നാല് താരങ്ങളുടെ കൈക്ക് പരിക്കേറ്റു. കാലിലും പരിക്കേറ്റു. സഞ്ജുവിന്റെ പരിക്ക് ഗുരുതരമായി. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരുന്നു ബാറ്റിങ്. പരമാവധി റണ്‍സ് കണ്ടെത്തുന്നതിനൊപ്പം ഗുജറാത്തിന്റെ റണ്‍സ് സേവ് ചെയ്യുന്നതിലായിരുന്നു ടീമിന്റെ ശ്രദ്ധ. തേഡ് മാനില്‍ ഗുജറാത്തിന്റെ റണ്‍സ് കുറേ സേവ് ചെയ്യാന്‍ പറ്റി. പരിക്കേറ്റിട്ടും സഞ്ജു ഇറങ്ങി കളിച്ചത് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ്. അതിനുശേഷം വന്ന എട്ടു റണ്‍സ് പോലും കേരളത്തിന്റെ വിജയത്തില്‍ നിര്‍ണായകമായി. ബൗളിങ്ങിനൊപ്പം ഇങ്ങനെ പെറുക്കികൂട്ടിയെടുത്ത റണ്‍സ് കൂടിയാണ് ഈ വിജയത്തിന് പിന്നില്‍.

ജലജ് ഒറ്റപ്പെട്ടു പോയെന്ന് പറയാനാകില്ല

അങ്ങനെ ജലജ് ഒറ്റപ്പെട്ടുപോയി എന്നു പറയാനാകില്ല. ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തി ജലജിനെ മുകളിലിറക്കാതാരിക്കാന്‍ കാരണം അദ്ദേഹത്തിന്റെ കണങ്കാലിനേറ്റ പരിക്കാണ്. ഹിമാചലിനെതിരായ മത്സരത്തില്‍ പരിക്ക് മൂലം ജലജ് കളിച്ചിരുന്നില്ലല്ലോ. ഗുജറാത്തിനെതിരേയും പരിക്ക് പൂര്‍ണമായും ഭേദമായിരുന്നില്ല. പരിക്കുള്ളതുകൊണ്ടുതന്നെ ന്യൂ ബോളിനെ അഭിമുഖീകരിക്കാന്‍ ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് ജലജിനെ ആദ്യം കളിപ്പിക്കാതിരുന്നത്. അവസാനം 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജലജിന്റെ ഇന്നിങ്‌സ് കേരളത്തിന്റെ സ്‌കോര്‍ ബോര്‍ഡില്‍ മുതല്‍ക്കൂട്ടായി.

സഞ്ജുവില്ലാതെ വിദര്‍ഭയ്‌ക്കെതിരേ

സെമിയില്‍ വിദര്‍ഭയ്‌ക്കെതിരേ സഞ്ജു ഇല്ലാത്തത് നഷ്ടം തന്നെയാണ്. സഞ്ജു ഫോമിലേക്കെത്തിയപ്പോഴേക്കും പരിക്കായി. സഞ്ജുവിന് പകരം ഇറക്കാന്‍ താരങ്ങളുണ്ട്. ഓരോരുത്തര്‍ക്കും ഓരോ സാഹചര്യത്തിലും സമയത്തിലുമാണല്ലോ അവസരം ലഭിക്കുക. ഇതിനേയും അങ്ങനെ കണ്ടാല്‍ മതി. വിദര്‍ഭയ്‌ക്കെതിരായ സെമി കടുപ്പമേറിയതാകും. കഴിഞ്ഞ ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച ടീമാണ് വിദര്‍ഭ. അതിന് തിരിച്ചടിക്കാനുള്ള സമയമാണിത്.

Content Highlights: sachin baby, ranji trophy 2018, kerala and gujarat