ങ്കടങ്ങളില്‍ നനഞ്ഞ ആ രാത്രിയുടെ പിറ്റേന്ന് ലുലു മാരിയറ്റില്‍ കണ്ടുമുട്ടുമ്പോള്‍ വിടവാങ്ങലിന്റെ മൂഡിലായിരുന്നു സ്റ്റീവ് കോപ്പല്‍. സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ സാന്നിധ്യത്തില്‍ ഒത്തുചേര്‍ന്ന് ഒരു വിടവാങ്ങല്‍ പാര്‍ട്ടി നടത്താനുള്ള ഒരുക്കങ്ങളിലായിരുന്നു ടീമംഗങ്ങളില്‍ പലരും.

ഉച്ചയ്ക്ക് എല്ലാവരും ഒത്തുചേര്‍ന്ന് ഭക്ഷണം, പിന്നെ കേക്ക് മുറിക്കല്‍. അതായിരുന്നു ഐ.എസ്.എല്‍. മൂന്നാം സീസണിലെ ബ്ലാസ്റ്റേഴ്സ് ടീമിന്റെ അവസാന ഒത്തുകൂടലായി കളിക്കാര്‍ ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍ ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ മടങ്ങാനായിരുന്നു കോപ്പലിന്റെ തീരുമാനം. രാവിലെ തന്നെ സച്ചിനൊപ്പം കളിക്കാരെ എല്ലാവരെയും കണ്ട് കോപ്പല്‍ യാത്ര ചോദിച്ചിരുന്നു. 

താരങ്ങളോട് ആ മനുഷ്യന്‍ യാത്ര ചോദിക്കുമ്പോള്‍ മനസ്സിലോര്‍ത്തത് ബ്ലാസ്റ്റേഴ്സ് പിന്നിട്ട വഴികളെക്കുറിച്ചായിരുന്നു. കേരള ഫുട്ബോളിനും ആരാധകര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത പലതും ഇവിടെ അവശേഷിപ്പിച്ചാണ് അദ്ദേഹത്തിന്റെ മടക്കം. എന്നും എപ്പോഴും മുഖത്തുള്ള ശാന്തമായ പുഞ്ചിരിയോടെ യാത്ര ചോദിക്കുന്നതിനിടെ കോപ്പല്‍ പങ്കിട്ട വിശേഷങ്ങള്‍ ഇതാ...

? അവിസ്മരണീയമായ ഒരു സീസണ്‍ ആരാധകര്‍ക്ക് സമ്മാനിച്ചാണ് താങ്കളുടെ മടക്കം...എന്തു തോന്നുന്നു
* സന്തോഷം... ജോലി ചെയ്തതിലുള്ള അഭിമാനവും. ഫുട്ബോളില്‍ ഒരു കോച്ചിന്റെ ജോലി എന്നും പ്രയാസമുള്ളതാണ്. ടീം മികച്ച ഫലം ഉണ്ടാക്കിയില്ലെങ്കില്‍ കോച്ച് ക്രൂശിക്കപ്പെടും. അത് സാധാരണമാണ്. ഇവിടെ ബ്ലാസ്റ്റേഴ്സിനെ ഫൈനല്‍ വരെ എത്തിക്കാനായതില്‍ സന്തോഷമുണ്ട്.

? നാട്ടിലേക്ക് മടങ്ങുമ്പോള്‍ മനസ്സില്‍ എന്താണ്
* വീട്ടിലേക്കുള്ള മടക്കം എല്ലാവരും ആഗ്രഹിക്കുന്നതല്ലേ. നാട്ടിലെത്തി അമ്മയെ കാണണമെന്നത് വലിയ ആഗ്രഹമാണ്. കുറച്ചുകാലം നാട്ടില്‍ നില്‍ക്കണമെന്നും മനസ്സ് പറയുന്നു.

? ശരാശരി മാത്രമായിരുന്ന ബ്ലാസ്റ്റേഴ്സ് ടീമിനെ ഫൈനല്‍ വരെയെത്തിക്കാന്‍ എന്തായിരുന്നു താങ്കളുടെ കൈയിലുണ്ടായിരുന്ന മാന്ത്രിക വിദ്യ
* മാന്ത്രിക വിദ്യ കൊണ്ട് ഫുട്ബോളില്‍ ജയിക്കാനാകില്ല. കൈയില്‍ കിട്ടിയ വിഭവങ്ങള്‍ പരിമിതമാണെങ്കിലും അത് പരമാവധി പ്രയോജനപ്പെടുത്തലാണ് ഏതൊരു വിജയത്തിന്റെയും അടിസ്ഥാനം. ഞാനും അതു മാത്രമാണ് ചെയ്തത്.

? എങ്കിലും ഇത്ര പരിമിതമായ വിഭവങ്ങളുമായി എങ്ങനെ ഇവിടെ വരെയെത്തി
* നോക്കൂ...ബ്ലാസ്റ്റേഴ്സ് ടീമിന് ചില ശക്തിയും അതുപോലെ തന്നെ ചില ദൗര്‍ബല്യങ്ങളുമുണ്ടായിരുന്നു. നമ്മുടെ പ്രതിരോധ നിര ലീഗിലെ ഏറ്റവും മികച്ച ഒന്നായിരുന്നു. പ്രതിരോധം ശക്തമാകുമ്പോള്‍ ഗോള്‍ വീഴില്ലെന്ന സമാധാനം ടീമിനുണ്ടാകും. ഇതിനിടയില്‍ വീണുകിട്ടുന്ന പ്രത്യാക്രമണങ്ങളിലൂടെ ഗോളടിക്കുക എന്നതാകണം ലക്ഷ്യം. ഞാനും അതു തന്നെയാണ് ടീമിനോട് പറഞ്ഞതും ചെയ്യിച്ചതും.

? ഫൈനലില്‍ ടൈബ്രേക്കര്‍ നേരിടാന്‍ ടീമംഗങ്ങളുടെ ഒരുക്കം കുറവായിരുന്നോ
* എല്ലാം പ്രതീക്ഷിച്ചാണ് ഫൈനലിനിറങ്ങിയത്. മത്സരം ടൈബ്രേക്കറിലേക്ക് പോയപ്പോഴും ഞങ്ങള്‍ പ്രതീക്ഷയിലായിരുന്നു. ഡല്‍ഹിക്കെതിരായ ടൈബ്രേക്കര്‍ വിജയം മനസ്സിലുണ്ടായിരുന്നു. എന്നാല്‍ ഡല്‍ഹിക്കെതിരെ പെനാല്‍ട്ടി എടുത്ത ഹോസു പ്രീറ്റോയ്ക്ക് പകരം ആരെ ഇറക്കണമെന്ന് ചിന്തിച്ചപ്പോള്‍ എന്‍ഡോയെയാണ് മനസ്സില്‍ വന്നത്. ചോദിച്ചപ്പോള്‍ കിക്ക് എടുക്കാന്‍ തയ്യാറാണെന്ന് എന്‍ഡോയെ പറയുകയും ചെയ്തു. കിക്ക് പാഴായതില്‍ അദ്ദേഹത്തെ കുറ്റം പറയാനാകില്ല. 

? ടീമിലെ മലയാളി താരങ്ങളെപ്പറ്റി എന്താണ് പറയാനുള്ളത്
* അവരെല്ലാം അവരുടെ റോള്‍ ഭംഗിയായി ചെയ്തു. വിനീത് പ്രതിഭാധനനായ സ്ട്രൈക്കറാണ്. ടീമിനു വേണ്ട സമയത്ത് ഗോള്‍ നേടാനായത് ഒരു താരത്തിന്റെ മികവിനെയാണ് കാണിക്കുന്നത്.

? അടുത്ത സീസണിന് ഒരുങ്ങുമ്പോള്‍ ബ്ലാസ്റ്റേഴ്സ് ടീമിന് നല്‍കാനുള്ള ഉപദേശം
* ടീം ശക്തിപ്പെടുത്താന്‍ മാനേജ്മെന്റ് നല്ല ശ്രമങ്ങള്‍ നടത്തണം. എല്ലാ മത്സരത്തിനും അര ലക്ഷത്തിലേറെ കാണികള്‍ സ്ഥിരമായി വരുന്ന ഒരു ടീമില്‍ മികച്ച താരങ്ങള്‍ വരേണ്ടത് ആരാധകരോട് കാണിക്കേണ്ട നീതിയാണ്. ആ നീതി മാനേജ്മെന്റ് കാണിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.