കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ ബി.സി.സി.ഐ. പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അറിയുന്നവരെല്ലാം പ്രായഭേദമെന്യേ 'ദാദ' എന്നാണ് വിളിക്കുന്നത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ അദ്ദേഹത്തിന്റെ തലവെട്ടം കണ്ടപ്പോഴെല്ലാം ഈ വിളി കേട്ടു. കൊല്‍ക്കത്തയില്‍ കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍വരെ അങ്ങനെയാണ് വിളിക്കുന്നത്.
കൊല്‍ക്കത്ത ബഹാലയിലെ വീട്ടില്‍വെച്ച് കണ്ടപ്പോള്‍ ഒഡിസി നര്‍ത്തകിയായ ഭാര്യ ഡോണയോട് ആദ്യം ചോദിച്ചത് അതാണ്. ''നിങ്ങള്‍ എങ്ങനെയാണ് വിളിക്കുന്നത്?'' ''മിക്കവാറും ദാദ എന്നുതന്നെ. ചിലപ്പോള്‍ സൗരവ് എന്ന്. മറ്റു ചിലപ്പോള്‍ മകള്‍ സനയുടെ അച്ഛനെന്ന നിലയില്‍ ബാബയെന്ന്. മൂന്നും അപ്പോഴത്തെ സാഹചര്യമനുസരിച്ച്.'' -പൊട്ടിച്ചിരിച്ച് ഡോണയുടെ മറുപടി.
പഴയകഥ പറഞ്ഞത് ഡോണയാണ്. രണ്ടുപേരും അയല്‍ക്കാരായിരുന്നു. സ്‌കൂള്‍കാലം മുതലേ അറിയാം. മുതുമുത്തച്ഛന്‍മാര്‍ ഒരുമിച്ച് ബിസിനസ് ചെയ്തിരുന്നു. ഇടയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടായതിനാല്‍ വേര്‍പിരിഞ്ഞു. പക്ഷേ, അപ്പോഴേക്കും വേര്‍പിരിയാന്‍ കഴിയാത്തവിധം സൗരവും ഡോണ റോയിയും അടുത്തിരുന്നു. വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ രണ്ടുവീട്ടുകാരും അംഗീകരിച്ചില്ല. ജാതിയിലും വ്യത്യാസമുണ്ട്.
1996... ലോര്‍ഡ്സില്‍ ഗാംഗുലി ടെസ്റ്റില്‍ അരങ്ങേറിയ വര്‍ഷം. പിന്നാലെ രണ്ടുപേരും ചേര്‍ന്ന് വിവാഹം രജിസ്റ്റര്‍ ചെയ്തു. വീടുകളില്‍ കോലാഹലമായി. പക്ഷേ, പിന്നീട് എല്ലാം തണുത്തു. തൊട്ടടുത്തവര്‍ഷം വീട്ടുകാര്‍ ചേര്‍ന്ന് ഔദ്യോഗികമായി വിവാഹച്ചടങ്ങ് നടത്തുകയും ചെയ്തു.
സജീവക്രിക്കറ്റില്‍നിന്ന് വിരമിച്ചിട്ടും ദാദയുടെ തിരക്കൊഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ബി.സി.സി.ഐ. പ്രസിഡന്റാണ്. ഒന്നാം തീയതി മുംൈബയില്‍ ബി.സി.സി.ഐ.യുടെ വാര്‍ഷിക ജനറല്‍ബോഡി നടക്കുകയാണ്. നിരവധി പരിഷ്‌കാരങ്ങള്‍ ആലോചിക്കുന്ന യോഗമായതിനാല്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുടെ തിരക്കാണിപ്പോള്‍. ഇതിനിടയില്‍ കിട്ടിയ ചെറിയ ഇടവേളയിലാണ് അദ്ദേഹത്തെ വീട്ടില്‍ കണ്ടത്.
ഏതാനും വര്‍ഷംമുമ്പ് 'മാതൃഭൂമി' പ്രതിനിധി അദ്ദേഹത്തെ ഇവിടെയത്തി കണ്ടത് ദാദ ഓര്‍ക്കുന്നുണ്ട്. പിങ്ക് ടെസ്റ്റ് കവര്‍ ചെയ്യാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ സന്തോഷം അറിയിച്ചു. തിരക്കുണ്ടെങ്കിലും ഏതാനും വാക്കുകളില്‍ പ്രതികരണങ്ങള്‍. എടുത്ത ഫോട്ടോകള്‍ കാണിച്ചുകൊടുത്തപ്പോള്‍ ഡോണ പറഞ്ഞു. ''ദാദയ്ക്ക് എപ്പോഴും ചിരി കുറവാണ്''. പിങ്ക് ടെസ്റ്റിന്റെ സമ്മാനദാനച്ചടങ്ങില്‍ ഗൗരവത്തില്‍ നിന്നതിനെ മകള്‍, പ്ലസ്ടുവിന് പഠിക്കുന്ന സന കളിയാക്കി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.
ഡോണയ്‌ക്കൊപ്പം മുറ്റത്തെ പുല്‍ത്തകിടിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ''ദിക്ഷമഞ്ജരിയെക്കുറിച്ച് എല്ലാം പറഞ്ഞില്ലേ''യെന്ന് സൗരവിന്റെ ചോദ്യം. ഡോണ നടത്തുന്ന നൃത്തവിദ്യാലയമാണ് ദിക്ഷമഞ്ജരി. മൂവായിരത്തോളം കുട്ടികളുണ്ട്.
Content Highlights: Sourav Ganguly And Dona Roy Ganguly's Daring Love Story