കൃഷ്ണഗിരി (വയനാട്): കേരളത്തിന്റെ ചരിത്ര വിജയത്തില്‍ നിന്ന് സിജോമോനെ മാറ്റിനിര്‍ത്താനാകില്ല. രണ്ടാമിന്നിങ്സില്‍ വണ്‍ഡൗണായി ഇറങ്ങി ക്ഷമാപൂര്‍വ്വം ബാറ്റുവീശി, ഗുജറാത്തിന്റെ തീപ്പൊരി ബൗണ്‍സറുകളില്‍ പരിക്കേറ്റിട്ടും വേദന സഹിച്ച് ഇടങ്കയ്യന്‍ സ്പിന്നറായ സിജോമോന്‍ അടിച്ചെടുത്തത് 56 റണ്‍സാണ്.  

148 പന്ത് നേരിട്ട് എട്ടു ഫോറിന്റെ അകമ്പടിയോടെയായിരുന്നു സിജോമോന്റെ ഇന്നിങ്സ്. 21-കാരന്റെ കരിയറിലെ ഏറ്റവുമയര്‍ന്ന് സ്‌കോര്‍. ഒപ്പം മത്സരത്തിലെ ഏക അര്‍ധ സെഞ്ചുറിയും. 'എന്നില്‍ വിശ്വാസമര്‍പ്പിച്ചാണ് കോച്ചും ക്യാപ്റ്റനും വണ്‍ഡൗണായി ഇറക്കിയത്. ആ വിശ്വാസം കാത്തുസൂക്ഷിക്കാനായതില്‍ സന്തോഷമുണ്ട്. അതിന് ദൈവത്തോട് നന്ദി പറയുന്നു'. സിജോമോന്‍ വ്യക്തമാക്കി. മത്സരശേഷം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു സിജോമോന്‍.

ബാറ്റിങ് വളരെ ദുഷ്‌കരമായിരുന്നു. പരിക്കും അലട്ടിയിരുന്നു. ഓരോ പന്തും ജഡ്ജ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. ഗുജറാത്തിന്റെ നാഗ്വാസ്വല്ലയുടെയും ചിന്തന്‍ ഗജയുടേയും പന്തുകള്‍ കൈയിലും കാലിലുമെല്ലാം കൊണ്ടു. ഇടക്കിടെ മെഡിക്കല്‍ സംഘത്തിന് ഗ്രൗണ്ടില്‍ വരേണ്ടിവന്നു. ആ വേദനയെല്ലാം സഹിച്ചാണ് കളിച്ചത്. ഇതൊക്കെ കളിയുടെ ഭാഗമാണെന്നാണ് കരുതുന്നത്. വേദന സഹിച്ചത് വെറുതെയായില്ല. ചരിത്ര വിജയത്തില്‍ പങ്കാളികയാകാന്‍ കഴിഞ്ഞല്ലോ, സിജോമോന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വിജയത്തിന് പിന്നില്‍ പേസ് ബൗളിങ്ങിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍മാരെ കളിപ്പിക്കാതിരുന്നതാണെന്നും സിജോമോന്‍ വ്യക്തമാക്കി. രണ്ടാമിന്നിങ്സില്‍ ഗുജറാത്ത് അക്സര്‍ പട്ടേലിനേയും പിയൂഷ് ചൗളയേയും പരീക്ഷിച്ചു വിജയിച്ചിരുന്നു. എന്നാല്‍ കേരളം അത്തരമൊരു പരീക്ഷണത്തിന് മുതിരാതിരുന്നത് അത് വിജയക്കില്ലെന്ന് ഉറപ്പുളളതിനാലാണ്. പരിശീലന സെഷനുകളില്‍ ഗുജറാത്ത് ബാറ്റ്സ്മാന്‍മാര്‍ സ്പിന്നിനെ നന്നായി നേരിടുകയും ചെയ്തിരുന്നു. 

2017-ലാണ് കോട്ടയം സ്വദേശിയായ സിജോമോന്‍ രഞ്ജി ട്രോഫിയില്‍ അരങ്ങേറിയത്. ഒക്ടോബറില്‍ ഗുജറാത്തിനെതിരേയായിരുന്നു അരങ്ങേറ്റം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 31 വിക്കറ്റും 223 റണ്‍സുമെടുത്തിട്ടുണ്ട്.

Content Highlights: ranji trophy 2018, kerala vs gujarat