രിയാണയെ ഇന്നിങ്സിനും എട്ടുറണ്‍സിനും കീഴടക്കി ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബി. ലോകകപ്പ് നേടിയപ്പോള്‍ സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കുണ്ടായ സന്തോഷമായിരുന്നു ക്വാര്‍ട്ടറില്‍ പ്രവേശിച്ചപ്പോള്‍ തങ്ങള്‍ക്കുണ്ടായതെന്ന് സച്ചിന്‍ പറയുന്നു. ഒരുപാട് മുന്‍ക്യാപ്റ്റന്മാരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയ സച്ചിന്‍ സംസാരിക്കുന്നു.

?ക്വാര്‍ട്ടര്‍ പ്രവേശനം, ആഘോഷം എങ്ങനെയായിരുന്നു

സുഹൃത്തുക്കളുടെയും ആരാധകരുടെയും ഫോണ്‍ കോളുകളും സന്ദേശങ്ങളുംകൊണ്ട് നിറഞ്ഞ വിജയദിനം നന്നായി ആഘോഷിച്ചു. മുതിര്‍ന്ന താരങ്ങളും അഭിനന്ദനം അറിയിച്ചു. ഐ.പി.എല്ലിനും മറ്റ് ആഭ്യന്തരമത്സരങ്ങള്‍ക്കും പോകുമ്പോള്‍ മറുനാട്ടുകാര്‍ പലപ്പോഴും ചോദിക്കാറുണ്ട്. എന്തുകൊണ്ട് കേരളം ക്രിക്കറ്റില്‍ അധികദൂരം മുന്നോട്ടുപോകുന്നില്ല എന്ന്. അതിനുള്ള മറുപടിയാണ് ഈ വിജയം. ആദ്യമത്സരം ജയിച്ച് നല്ല തുടക്കംകിട്ടി. ആ ആത്മവിശ്വാസം ഹരിയാണയ്ക്കെതിരായ മത്സരംവരെ നിലനിര്‍ത്താനായി. 

?ക്വാര്‍ട്ടറില്‍ എതിരാളി വിദര്‍ഭ. സാധ്യത എത്രത്തോളം

കരിയറിലെ ഏറ്റവും നല്ല മത്സരത്തിന് മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. ടീം അംഗങ്ങളും തയ്യാറാണ്. വസീം ജാഫര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിദര്‍ഭയ്ക്കുണ്ട്. അവര്‍ക്കൊപ്പംനില്‍ക്കാന്‍ പറ്റുന്ന ടീമാണ് ഇപ്പോള്‍ കേരളം. കേരള ടീമിന്റെ ഡയറക്ടറായിരുന്ന ചന്ദ്രകാന്ത് പണ്ഡിറ്റ് ആണ് വിദര്‍ഭയുടെ പരിശീലകന്‍. കേരള താരങ്ങളുടെ ശക്തിദൗര്‍ബല്യങ്ങള്‍ അദ്ദേഹത്തിനറിയാം. അതൊന്നും സാരമാക്കുന്നില്ല. സൂറത്തിലും അദ്ഭുതം കാട്ടും. സഞ്ജു സാംസണ്‍, ജലജ് സക്സേന തുടങ്ങി ഇന്ത്യന്‍ ടീമില്‍ അവസരം കാത്തിരിക്കുന്ന ഒരുപിടി താരങ്ങളുണ്ടെന്നത് കേരളത്തിന്റെ കരുത്താണ്. 

?ക്യാപ്റ്റന്‍സിയില്‍ സമ്മര്‍ദമുണ്ടായിരുന്നോ

എല്ലാവരെയും നയിക്കുക എന്നത് ആസ്വാദ്യകരമായ കാര്യമാണ്. ക്യാപ്റ്റനെന്ന ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നു. ക്രിക്കറ്റിന്റെ എല്ലാതലത്തിലും കേരള ടീമിനെ നയിച്ചിട്ടുണ്ട്. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ഈ ടീമിന് ഇനിയും ചരിത്രം കുറിക്കാനാകും. ടീമിലെ മുതിര്‍ന്ന കളിക്കാരും നല്ല പിന്തുണയാണ്. സഞ്ജു സാംസണ്‍, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, ജലജ് സക്സേന, അരുണ്‍ കാര്‍ത്തിക് തുടങ്ങിയവരൊക്കെ ഒപ്പത്തിനൊപ്പംനിന്നു. ജൂനിയര്‍ താരങ്ങളെ സമ്മര്‍ദങ്ങളില്ലാതെ കളിപ്പിക്കാനായി.

? ഏറ്റവും കടുപ്പമേറിയ മത്സരം ഏതായിരുന്നു

രാജസ്ഥാനെതിരേ തുമ്പയില്‍ നടന്ന കളി. അവസാനദിവസം ആദ്യ ഓവറുകളില്‍ കേരളം ബാറ്റുചെയ്തു. തുടര്‍ന്ന് അവരെ ബാറ്റിങ്ങിനയച്ചു. മാന്‍ഡേറ്ററി ഓവറിലായിരുന്നു വിജയം. സമനിലയാകുമോയെന്ന് പേടിച്ചെങ്കിലും അവസാനനിമിഷം ജയിക്കാനായത് ഇരട്ടി സന്തോഷവും ആത്മവിശ്വാസവും നല്‍കി. അതുപോലെ സൗരാഷ്ട്രപോലൊരു ടീമിനെ 309 റണ്‍സിന് തോല്‍പ്പിച്ചതും ഏറെ ആവേശംപകര്‍ന്നു. 

?വാട്മോര്‍ ഇഫക്ട് ഉണ്ടായോ

ഇത്ര പ്രശസ്തനായൊരു പരിശീലകനു കീഴില്‍ കളിക്കാനായത് വലിയ ആത്മവിശ്വാസം നല്‍കി. ടീം അംഗങ്ങളെ കണ്ട ഉടന്‍ കോച്ച് ഡേവ് വാട്മോര്‍ പറഞ്ഞത് ഏറെ പോകാനുള്ള കഴിവുണ്ടെന്നാണ്. അത് ടീം അംഗങ്ങള്‍ക്കൊരു പോസിറ്റീവ് എനര്‍ജിയായിരുന്നു. സമ്മര്‍ദഘട്ടങ്ങള്‍ അതിജീവിക്കാന്‍ അദ്ദേഹത്തിന്റെ കൈയില്‍ ധാരാളം തന്ത്രങ്ങളുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരുടേതായരീതിയില്‍ കളിക്കാന്‍ സ്വാതന്ത്ര്യവും നല്‍കി. ഞങ്ങള്‍ കോച്ചിന്റെ നിര്‍ദേശം അനുസരിച്ചു. അത് വിജയംകണ്ടു. 

Content Highlights: Ranji Trophy Kerala Cricket Captian Sachin Baby